ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാധാരണക്കാരനു ഇന്നും അപ്രാപ്യമോ?

ഇന്ത്യയില്‍ ഏതു ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നാലും, പുതിയ മന്ത്രിമാര്‍  ചുമതലയേറ്റാലും, പുതിയ എന്ത്‌ നയപ്രഖ്യാപനങ്ങള്‍ നടത്തിയാലും അമേരിക്കയിലെ സാധാരണക്കാരായ ഇന്ത്യന്‍ പൗരനും, ഇന്ത്യന്‍- അമേരിക്കന്‍ പൗരനും ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ഇന്നും അപ്രാപ്യമാണെന്ന്‌ വിളിച്ചോതുന്ന ഒരു പശ്ചാത്തലമാണ്‌ ഇങ്ങനെ ചില വരികള്‍ കുറിക്കാന്‍ പ്രേരിപ്പിച്ചത്‌.

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കളവുപോയ ഒരു പൗരന്‌ അടിന്തരമായി ഇന്ത്യയിലേക്ക്‌ യാത്ര പുറപ്പെടേണ്ടിവന്നതിനാല്‍ വിസയും, പാസ്‌പോര്‍ട്ടും ലഭിക്കുന്നതിനു ആവശ്യമായ പൂരിപ്പിച്ച അപേക്ഷാഫോറവും രേഖകളുമായി മാര്‍ച്ച്‌ 25-ന്‌ ബുധനാഴ്‌ച രാവിലെ ഹൂസ്റ്റണിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ അന്നുതന്നെ പാസ്‌പോര്‍ട്ട്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ യാത്ര പുറപ്പെട്ടത്‌. കോണ്‍സുലേറ്റില്‍ എത്തിയപ്പോള്‍ മാന്യമായ പെരുമാറ്റമാണ്‌ ലഭിച്ചതെങ്കിലും, വന്ന കാര്യം അറിയിച്ചപ്പോള്‍ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടതിനെക്കുറിച്ചും, യാത്രയുടെ ഉദ്ദേശത്തെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉദ്യോഗസ്ഥ ചോദിച്ചു. ചോദ്യങ്ങള്‍ക്കെല്ലാം തൃപ്‌തികരമായ മറുപടി നല്‍കിയപ്പോള്‍ അപേക്ഷാഫോറത്തില്‍ ചിലതുകൂടി പൂരിപ്പിക്കേണ്ടതുണ്ടെന്നും, ചില രേഖകള്‍കൂടി ആവശ്യമുണ്ടെന്നും നാളെ രാവിലെ ഓഫീസില്‍ വരണമെന്നും നിര്‍ദേശം നല്‍കി.മാര്‍ച്ച്‌ 26-ന്‌ വ്യാഴാഴ്‌ച രാവിലെതന്നെ ആവശ്യപ്പെട്ട എല്ലാ രേഖകളുമായി ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥയെ ഏല്‍പിച്ചു. എല്ലാം പരിശോധിച്ചശേഷം അമേരിക്കന്‍ എംബസിയില്‍ നിന്നും ചില രേഖകള്‍കൂടി ആവശ്യമുണ്ടെന്നും ആ രേഖകളുമായി നാളെ രാവിലെ ഇവിടെ വരണമെന്നുമുള്ള നിര്‍ദേശമാണ്‌ ലഭിച്ചത്‌. അമേരിക്കന്‍ എംബസിയില്‍ ചെന്ന്‌ ആരെ കാണണമെന്നോ എന്തു രേഖകളാണ്‌ ആവശ്യപ്പെടേണ്ടതെന്നോ ഉള്ള ഒരു വിവരവും അവര്‍ പറഞ്ഞില്ല. രണ്ടും ദിവസം കഴിഞ്ഞിട്ടും ഒന്നും നടക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ആരുടെങ്കിലും ശിപാര്‍ശ ആവശ്യമാണെന്നു ബോധ്യമായി. താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തി ഹൂസ്റ്റണിലെ പ്രധാന സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ നേതാക്കന്മാരുമായി ബന്ധപ്പെട്ടു.

Loading...

കോണ്‍സുലേറ്റ്‌ ജനറലുമായോ, ഉദ്യോഗസ്ഥരുമായോ യാതൊരു ബന്ധവും ഞങ്ങള്‍ക്കില്ല എന്ന നിരാശാജനകമായ മറുപടിയാണ്‌ നേതാക്കന്മാരില്‍ നിന്നും ലഭിച്ചത്‌. തുടര്‍ന്ന്‌ പലരുമായും ബന്ധപ്പെട്ടു. ഇതിനിടെ ഒരാളില്‍ നിന്നും ലഭിച്ച മറുപടി അല്‌പം ആത്മവിശ്വാസം നല്‍കി. `എല്ലാം ഞാന്‍ ശരിയാക്കിത്തരാം. നാളെ (വെള്ളിയാഴ്‌ച) ഓഫീസില്‍ എത്തിയാല്‍ മതി’. അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ ഹൂസ്റ്റണിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ കാര്യമായ മാറ്റം പ്രകടമായിരുന്നു. പേരെടുത്ത്‌ വിളിച്ചാണ്‌ അകത്തേക്ക്‌ ക്ഷണിച്ചത്‌.ഇന്നുതന്നെ കാര്യങ്ങള്‍ ശരിയാക്കിത്തരാം എന്ന ഉറപ്പും നല്‍കി. പുറത്തു കാത്തിരിപ്പിന്റെ നീണ്ട മണിക്കൂറുകള്‍. നാലുമണിയായപ്പോള്‍ ഉദ്യോഗസ്ഥ പുറത്തുവന്നു പറഞ്ഞു. തിങ്കളാഴ്‌ച
തന്നെ യാത്രയ്‌ക്കുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊള്ളൂ- അവര്‍ പറഞ്ഞു. വിസ സ്റ്റാമ്പ്‌ ചെയ്‌തു പുതിയ പാസ്‌പോര്‍ട്ട്‌ കൈയ്യില്‍ ലഭിച്ചപ്പോള്‍ മൂന്നുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കാര്യങ്ങള്‍ ശരിയാക്കിത്തന്ന ഹൂസ്റ്റണിലെ മാന്യ വ്യക്തിയോട്‌ മനസില്‍ തോന്നിയ മതിപ്പും കൃതജ്ഞതയും വര്‍ണ്ണനാതീതമായിരുന്നു. ഓഫീസില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെ ഒരു സംഭവം ആര്‍ക്കും ഇനി ഉണ്ടാകരുതേ എന്നായിരുന്നു
പ്രാര്‍ത്ഥന.

അടിന്തരഘട്ടങ്ങളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ അന്നുതന്നെ യാത്രാരേഖകള്‍ നല്‍കണമെന്ന നിയമവും കീഴ്‌വഴക്കവും നിറവേറ്റപ്പെടണമെങ്കില്‍ ഇനിയും നീണ്ട കാത്തിരിപ്പ്‌ വേണ്ടിവരുമോ? ഡാളസിലെ
സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ രംഗത്തെ അറിയപ്പെടുന്ന ഒരു വ്യക്തിക്കാണ്‌ ഇത്‌ സംഭവിച്ചതെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതിയെന്തായിരിക്കും? അമേരിക്കയിലെ വിവിധ സംഘടനകളും, മോദി സര്‍ക്കാരില്‍ സ്വാധീനമുള്ളവരും അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം സാധാരണക്കാരന്‌ പ്രാപ്യമാകുംവിധം മെച്ചപ്പെടുത്തണമെന്ന്‌ കൂട്ടായി ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.