അരുന്ധതി റോയി ഒരു ബ്രിട്ടീഷ് ഏജന്റോ? ഗാന്ധിജിയെയും ചരിത്രപുരുഷന്മാരെയും വിമര്‍ശിക്കാന്‍ ഇവരാര്?

രുന്ധതി റോയി സ്വന്തം ജീവിത യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് അവതരിപ്പിച്ച ഒരു നോവലായിരുന്നു ബുക്കര്‍ പ്രസ് നേടിയെടുത്ത “ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്”. അതിപുരാതന ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ചട്ടക്കൂട്ടുകള്‍ക്കപ്പുറം നടക്കുന്ന സംഭവവികാസങ്ങള്‍ സ്വന്തം ജീവിത യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ സാഹിത്യവും പൈങ്കിളിയും ചെര്‍ത്ത് ചാലിച്ചെഴുതിയപ്പോള്‍ പാശ്ചാത്യലോകത്തിന് വിപ്ലവാത്മകമായ ആവിഷ്കാരമായി അത് അനുഭവപ്പെടുകയുണ്ടായി. മൂന്നാം ലോക രാജ്യങ്ങളില്‍ നടക്കുന്ന എന്തുസംഭവങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അവതരിപ്പിക്കുന്ന ഒരു കാലഘട്ടവുമായിരുന്നു അത്.Arundhati Royഅങ്ങനെ കൂട്ടുകുടുംബ സംവിധാനമുള്ള പരസ്പര സഹകരണവും പങ്കുവയ്ക്കലും മുദ്രയാക്കിയിട്ടുള്ള സാമൂഹിക പശ്‌ചാത്തലത്തില്‍ നടന്നുവെന്നു കരുതുന്ന വളരെ അസാധാരണമായ കുടുംബപ്രശ്നങ്ങളെ ജാതിയുടെയും ലൈംഗീകതയുടെയും ഉപചാപങ്ങളായും കുട്ടികളുടേ മാനസിക വ്യവസ്ഥയുടെയുമൊക്കെ സങ്കീര്‍ണതയില്‍ വരച്ചുകാട്ടിയ “ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്” വളരെ വായനാസുഖമുള്ള നോവലാണെങ്കിലും ഇത്തരം മഹത്വവല്‍ക്കരിക്കേണ്ടതായി എന്താണതിലുള്ളത്.

ബുക്കര്‍ പ്രൈസ് വിധിനിര്‍ണയത്തിലെ മാനദണ്ഡങ്ങളും മൂല്യാധിഷ്ഠതയും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടവുമാണല്ലോ നമുക്കിന്നുള്ളത്. പലപ്പോഴും തങ്ങളുടെ ആസ്വാദനത്തിനും ചിന്താഗതികള്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ പര്‍വതീകരിച്ചു പ്രചരിപ്പിക്കുന്നതില്‍ വൈദേശിക പുരസ്കാരങ്ങള്‍ക്ക് അടുത്തകാലത്ത് ഒരു അമേരിക്കന്‍ മലയാളി വിമര്‍ശനമേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

അരുന്ധതി റോയി എന്ന എഴുത്തുകാരിയിലെ നന്മയും സുതാര്യതയും മനസ്സിലാക്കുന്നതിനോടൊപ്പം അവരിലെ അവസരവാദപരമായ വശത്തെക്കൂടി അനാവരണം ചെയ്യണമെന്നുള്ളതാണ് സ്വതന്ത്രമതികളുടെ പക്ഷം. ആ മഹത്തായ ദൗത്യം ഏറ്റെടുക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടതായും വിശകലനം ചെയ്യേണ്ടതായും വരുന്നു. അതുകൊണ്ടാണ് അമ്മ മേരി റോയിയിലേക്കു കൂടി ഈ ലേഖകന് കടന്നു ചെല്ലേണ്ടതായി വരുന്നത്.

Loading...

Mary Royകുടിയനായ ബ്രാഹ്മണന്‍ എന്ന കാരണത്താല്‍ ബംഗാളിയായ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടി കേരളത്തിലെ ‘അയ്മനം’ എന്ന കൊച്ചു ഗ്രാമത്തിലേക്ക് മടങ്ങിവരുന്ന മേരി റോയിക്ക് വേണ്ടത്രസ്വീകാര്യത സ്വന്തം കുടുംബം പോലും നല്‍കിയില്ല എന്ന പശ്‌ചാത്തലത്തില്‍ നിന്നാണ് സകല വിപ്ലവത്തിന്റെയും തുടക്കം. തനിക്കും മക്കള്‍ക്കും അനുഭവിക്കാനാവുന്നില്ലെങ്കില്‍ പിതാവിനെയും സഹോദരങ്ങളെയും പരമാവധി ബുദ്ധിമുട്ടിക്കുക എന്ന വൈരാഗ്യബുദ്ധിയില്‍ നിന്നു പിറന്നുവീണത് പരമ്പരാഗതമായി സുറിയാനി ക്രിസ്ത്യാനി സമൂഹം നടപ്പിലാക്കിവന്ന കുടുംബസ്വത്ത് അവകാശങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു. പെണ്‍കുട്ടികളെ ദൈവീക വിളിയുടെ പേരില്‍ കന്യാസ്ത്രീമഠങ്ങളിലോ അല്ലെങ്കില്‍ ആരോഗ്യസേവനരംഗത്തോ അയച്ചശേഷം ആണ്‍തലമുറയെ കുടുംബത്തിന്റെ ഭാരിച്ച സ്വത്തിന്റെ സ്വാഭാവിക അവകാശികളാക്കുന്ന വ്യവസ്ഥിതി ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രമല്ല ഇതരമതസ്ഥരുടെ ഇടയിലും അവരവരുടെ സാമൂഹിക വ്യവസ്ഥിതിക്കനുസരിച്ച് പ്രാബല്യമുള്ള സമൂഹമാണ് പൊതുവെ ഇന്ത്യയിലുള്ളത്.

പെണ്‍കുട്ടികള്‍ ഒരു ബാധ്യതയാകാതിരിക്കുവാന്‍ ഭ്രൂണാവസ്ഥയിലെ നശിപ്പിച്ചുകളയുന്ന സമ്പ്രദായങ്ങള്‍ ഇന്നും ഉത്തരേന്ത്യയില്‍ നിലവിലുള്ള കാര്യം എടുത്തു പറയേണ്ടതായില്ലല്ലോ. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ സമരത്തില്‍ സ്വന്തം പിതാവിനെയും സഹോദരങ്ങളെയും എന്തിനു പറയണം ഇതിനെല്ലാം മുകളില്‍ ധാര്‍മികതയുടെ അളവുകോലുമായി നില്‍ക്കുന്ന കേരള കത്തോലിക്കാ സഭയേയും പ്രതിരോധത്തിലാക്കിയ ശ്രീമതി മേരി റോയി നേടേണ്ടതു നേടിയെന്നു മാത്രമല്ല, സ്ത്രീശാക്തീകരണത്തിനും സമത്വത്തിനുമായി അമരത്തേക്കുവന്ന ആദ്യക്രിസ്ത്യന്‍ വനിത എന്ന നിലയില്‍ ലോകപ്രശസ്തിയാര്‍ജിക്കുകയുമുണ്ടായി.

വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ചട്ടക്കൂട്ടിനുള്ളില്‍ അടക്കിനിര്‍ത്തി കുലമഹിമയ്ക്കും കുടുംബത്തിന്റെ പ്രതാപത്തിനുമായി ഏഴുകടലുകളും കടന്നുചെന്ന് കഠിനമായ ജോലികളില്‍ ഏര്‍പ്പെട്ട സ്ത്രീസമൂഹം ഒരുപക്ഷെ കേരളത്തിന്റെ മുഖമുദ്രയാണ്. എന്നാല്‍ ലോകം കണ്ട ഏറ്റവുംവലിയ ചൂഷിത മാനവശേഷി നിയന്ത്രണ സംവിധാനമായ ജാതിവ്യവസ്ഥയ്ക്കൊപ്പം പിന്തുടര്‍ച്ചാവകാശത്തിലെ ലിംഗവ്യത്യാസത്തെയും ഉയര്‍ത്തിക്കാട്ടി പുരോഗമന മനുഷ്യവിമോചന തത്വശാസ്ത്രത്തിന്റെ പ്രയോക്താക്കളും വക്താക്കളുമായ സുറിയാനി നസ്രാണി സമുദായത്തിനെതിരെ വിരല്‍ചൂണ്ടിയ മേരി റോയി ഒരു സുപ്രഭാതത്തില്‍ താരപ്രഭയിലേക്ക് ഉയരുകയാണുണ്ടായത്.

അമേരിക്കന്‍ രീതിയില്‍ പറഞ്ഞാല്‍ രണ്ടുകുട്ടികളുള്ള ഒരു ‘സിംഗിള്‍ വുമണ്‍’ കുടുംബം കഠിനയാഥാസ്തിതിക സമൂഹത്തില്‍ പിടിച്ചുനില്‍ക്കാന്‍ നടത്തിയ ജീവന്‍മരണ പ്രവര്‍ത്തിയായി മാത്രമെ ഈ സമരമൊക്കെ അവസാനിച്ചുള്ളു. കാലംമാറിയപ്പോള്‍ സിംഗിള്‍ വനിതയായ മേരി റോയി ചാവറയച്ചന്റെ സ്വന്തം ബ്രാന്‍ഡായ പള്ളിക്കുടം എന്ന പേരുപോലും കത്തോലിക്കരുടെ കയ്യില്‍നിന്ന് കോപ്പിയടിച്ച് സ്വന്തം സ്കൂളും സാമ്പത്തീക ഭദ്രതയുമായി കഴിഞ്ഞുകൂടുമ്പോള്‍ പഴയ മുദ്രാവാക്യങ്ങള്‍ മറന്നു എന്നതുപോകട്ടെ, പൊരുതിനേടിയ നിയമവിജയത്തിന്റെ പ്രായോഗിക നിര്‍‌വഹനവും മറന്നു എന്നതാണ് ചരിത്രസത്യം.

‘പള്ളിക്കൂടം’ എന്ന സ്കൂളില്‍ പിന്നോക്കസ്നേഹത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന അരുന്ധതി റോയി ഇന്ന് എത്രകുട്ടികളെ ഫ്രീയായിട്ടോ പിന്നോക്കാവസ്ഥയുടെ പേരിലോ പഠിപ്പിക്കുന്നു എന്നറിയുവാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്.

ബ്രിട്ടീഷുകാരോട് വേദാന്തമോതിയ ഗാന്ധിജി സ്വന്തം വിശ്വാസവും രാജ്യവുമായപ്പോള്‍ തന്റെ തത്വശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തുവെന്നത് പകല്‍‌പോലെ സത്യമാണ്. ഇന്ത്യയെ ജാതിവ്യവസ്ഥ സമൂഹമായിത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനാണ് ഗാന്ധിജി ശ്രമിച്ചത്. തീവ്രയാഥാസ്ഥിതികനുമായ പട്ടേലിനെയും തീവ്രവാദിയായ ബോസിനെയും ഒഴിവാക്കി പണ്ഡിറ്റ് നെഹ്രുവിന് ആ ചുമതല നല്‍കിയ ഗാന്ധിജി ‘പാരമ്പര്യത്തിലൂന്നിയ ആധുനികത’ എന്ന ആശയത്തിന് അടിവരയിടുകയാണുണ്ടായത്. അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ അതേ സാധ്യമായിരുന്നുവെന്നുള്ളത് ഒരു നഗ്‌നസത്യം തന്നെ. ഇന്നാണെങ്കില്‍ ഫാസിസ്റ്റ് കള്‍ച്ചറിലിസം പതിന്മടങ്ങ് ശക്തിയില്‍ തിരിച്ചുവന്നുകഴിഞ്ഞു.gandhi

കാലടി സംസ്‌കൃത സര്‍‌വകലാശാല ഇം‌ഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അജയ് ശേഖറിന്റെ വാക്കുകള്‍ കടമെടുത്താല്‍ അത് ഇപ്രകാരമാണ്: “രണ്ടുനൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് കൊളോണിയലിസത്തോടുള്ള ദേശീയ സ്വാതന്ത്ര്യസമരത്തെക്കാള്‍ ഗഹനവും, ഗംഭീരവും, ധീരവും ഇന്നും തുടരുന്നതുമായ സ്വാതന്ത്ര്യസമരം കീഴാളന്മാരുടെ വിമോചനയാനം തന്നെയാണ്. ബുദ്ധനില്‍ തുടങ്ങി അംബ്ദേക്കറുടെ നവയാനത്തിലൂടെ തുടരുകയാണത്. വര്‍ത്തമാനകാലത്ത് സമൂഹത്തിന്റെ സകല തലങ്ങളിലും രാഷ്ട്രീയ സമഗ്രാധികാരവും ഭാഷണവും ചിഹ്നവ്യവസ്ഥകളും മാധ്യമങ്ങളും അക്കാദമികളും കോളനീകരിച്ചിട്ടുള്ള ഭവനാത്മകമായ സവര്‍ണ പൊതുബോധത്തിനെതിരെയുള്ള സന്ധിയില്ലാ സമരവും അതിജീവനുമാണത്. ചരിത്രാധികാരമില്ലാത്ത പൊള്ളയായ സംസ്കാര വരേണ്യവാദമാണ് ബ്രാഹ്മണ പിതൃപാരമ്പര്യത്തിന്റെ തലത്തില്‍ കേരളത്തിലും മറ്റും ഹിന്ദുസവര്‍ണരെയും സിറിയന്‍ ക്രൈസ്തവരെയും അധികാരഭൂമിയില്‍ ഐക്യപ്പെടുത്തുന്നതും ദളിത ബഹുജന മര്‍ദ്ദകരാക്കുന്നതും.”

അരുന്ധതി റോയിയുടെ “ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്” സില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളും മേലുദ്ധരിച്ച കാലടി സംസ്കൃത സര്‍വകലാശാല അദ്ധ്യാപകന്റെ വാക്കുകളും തമ്മില്‍ പൊരുത്തങ്ങളേറെ. അമ്മുവും, എസ്തയും, റാഹേലും അതുപോലെ തൊട്ടുതീണ്ടാത്തവനായ വേലുത്തയുമൊക്കെ കഥാപാത്രങ്ങളാകുന്ന ആ നോവല്‍ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയുടെ മാനവിക വിഭവശേഷിയുടെ തന്ത്രപരമായ വിനിയോഗത്തെക്കുറിച്ചുള്ള ഒരു ആത്മാവിഷ്കാരമാണ്.God of Small things

സവര്‍ണയായ അമ്മുവിന് അവര്‍ണനായ വേലുത്തയോടുണ്ടായ ലൈംഗീക അഭിനിവേശം എല്ലാ സാമൂഹിക നിയമങ്ങളെയും പൊളിച്ചടുക്കുമ്പോള്‍ നിയോ ലിബറല്‍ സമൂഹമായ പാശ്ചാത്യലോകത്തിന് അതു ലഹരി പകരുന്നു. ആ ലഹരിയുടെ പരിഷ്കൃതമായ ആഘോഷമായിരുന്നു ബുക്കര്‍ ജേതാവ് എന്ന ഓമനപ്പേരില്‍ കൊണ്ടാടിയ അരുന്ധതി റോയി എന്ന കഥാകാരി. സ്വന്തം മാതാവിന്റെ ആദര്‍ശങ്ങളും പുരോഗമന കാഴ്ചപ്പാടുകളും സമൂഹത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത അരുന്ധതിക്ക് ഗാന്ധിജിയുടെ ഇരട്ടത്താപ്പ് കൊട്ടിഘോഷിക്കുവാന്‍ അവകാശമില്ല.

അംബ്‌ദേക്കറുടെ ഇന്ത്യയ്ക്കായി പോരാടാന്‍ കാലടികളെ പിന്തുടരാന്‍ കെല്‍‌പ്പുള്ളവര്‍ വരട്ടെ; പോരാട്ടം നയിക്കട്ടെ! ബ്രിട്ടീഷുകാരന്റെ ലിബറല്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ച അമ്മയും മകളും ‘ജീസസ് ക്രൈസ്റ്റ് ദി സൂപ്പര്‍സ്റ്റാര്‍’ എന്ന കലാവിഷ്കാരത്തിനായി നിലകൊണ്ടവരാണ്. ദശകങ്ങള്‍ക്കു ശേഷം നിരോധിക്കപ്പെട്ട ആ ഷോ കേരളത്തിലും ഇന്ത്യയിലും സ്വതന്ത്ര അനുമതിയോടെ അരങ്ങേറാന്‍ പോകുകയാണ്. കേരളത്തിലെ ആദ്യ കോളേജ് സ്ഥാപിച്ചിട്ടും തങ്ങളുടെ ബലം അരക്കിട്ടുറപ്പിക്കാനാകാതെ പോയ ബ്രിട്ടീഷ് കൊളോണിയലിസത്തിന് കോട്ടയത്തിന്റെ മണ്ണില്‍ തന്നെ കിട്ടിയ ലിബറല്‍ എഴുത്തുകാരിയാണ് ശ്രീമതി അരുന്ധതി റോയി എന്നപേരില്‍ അറിയപ്പെടുന്ന സൂസന്ന.

അവരുടെ തീക്ഷ്ണതയും, സാഹിത്യ ആവിഷ്കാരങ്ങളും കാലാകാലങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത് ഓരോ ശക്തികളെ പിന്തുണയ്ക്കാനൊ അല്ലെങ്കില്‍ സാമൂഹിക ഇടപെടലിനോ വേണ്ടിയാണ്. ബ്രിട്ടീഷ് ചായ്‌വോടെ തുടങ്ങിയ സാഹിത്യധാര ഇന്ന് എത്തി നില്‍ക്കുന്നത് സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളിലാണ്. ഒരുപക്ഷെ വളക്കൂറുള്ള മണ്ണില്‍ വിത്തെറിയുക എന്ന സാമാന്യബോധത്തില്‍ നിന്നും ഉടലെടുക്കുന്നതാവാം ഇതൊക്കെ.

ഗാന്ധിജിയുടെ ഇന്ത്യയുടെ സത്വഭാവത്തെക്കുറിച്ചോ, മറ്റേതു ചരിത്രപുരുഷന്റെ ചിന്താധാരയെക്കുറിച്ചോ വിമര്‍ശിക്കുവാനോ വിരല്‍ ചൂണ്ടുവാനോ അരുന്ധതി യോഗ്യയല്ല. ലോകം കണ്ട ഏറ്റവും വലിയ ധാര്‍മിക ചൂഷണമായ മനുഷ്യ-വര്‍ണ-വര്‍ഗ-ലിംഗ ക്രമത്തെക്കുറിച്ചും, അതിന്റെ സാമ്പത്തിക സാമൂഹിക മൂല്യവര്‍ദ്ധിത ശാസ്ത്രത്തെക്കുറിച്ചും യോഗ്യതയുള്ളവര്‍ പറയുകയും പോരാട്ടങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യട്ടെ!