പഞ്ചനക്ഷത്ര മദ്യപന്മാരുടെ വിചിത്ര കേരളം

ഭരണക്കാരും, നിയമജ്ഞരും കൂടി കേരളം സൗദി അറേബ്യയാക്കി മാറ്റുന്നുവോ? ജാതിവിഭാഗീയതയോടൊപ്പം സാമ്പത്തീക വിഭാഗീയതയും തോളിലേറ്റുന്നുവോ? ഇതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം!

കേരള സര്‍ക്കാരിന്റെ മുതലാളിത്ത അബ്കാരി നയം കോടതിയും ശരിവച്ചതോടെ ഇനിമുതല്‍ കേരളം പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമുള്ള സംസ്ഥാനമായി ലോകത്തില്‍ അറിയപ്പെടും. ഉഗ്രീവന്മാര്‍ക്കും സുഗ്രീവന്മാര്‍ക്കും മറ്റു പല കോമാളികള്‍ക്കും സന്തോഷവുമായി. സര്‍ക്കാരിന്റെ ഈ തീരുമാനം ജനനന്മയെ മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് ജഡ്ജന്മാരുടെയും വാദം. കാരണം അവര്‍ക്ക് നഷ്ടപ്പെടാന്‍ അധികമൊന്നുമില്ലല്ലോ!

Loading...

നഷ്ടപ്പെടുന്നത് ബാര്‍ ഉടമകള്‍ക്കുമാത്രം. പലരും ഈ ബാറുകള്‍ തുടങ്ങിയത് സ്വന്തം കിടപ്പാടം വരെ പണയപ്പെടുത്തി കോടാനുകോടികള്‍ പലിശയ്ക്കു കടം വാങ്ങി അതില്‍ നിന്നുള്ള വീതങ്ങള്‍ മന്ത്രിമാര്‍ തൊട്ട് താഴെക്കിടയിലുള്ള ബ്യൂറോക്രസിയുടെ ചൂലേന്തുന്നവര്‍ക്കു വരെ നല്‍കിയാണ് ഈ ബാറുകള്‍ തുടങ്ങുന്നതു്. അവര്‍ കുത്തുപാളയെടുത്തു് പിച്ചയും തെണ്ടി നാട്ടില്‍ അലഞ്ഞാല്‍ ആര്‍ക്കു ചേതം. ഭരിക്കുന്നവര്‍ക്കും അവരുടെ ഏറാംമൂളികളായ ഉദ്യോഗസ്ഥവൃന്ദത്തിനും ബാങ്ക് അക്കൗണ്ടുകള്‍ വീര്‍പ്പിക്കാന്‍ മറ്റു പല വഴികളും തെളിയും.

ബാറുകള്‍ അടച്ചുപൂട്ടിയതുകൊണ്ട് കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നാണ് ഈ മൗഢ്യകോമരങ്ങളുടെ കണക്കുകൂട്ടല്‍. എന്നാല്‍ നമ്മള്‍ക്കെല്ലാം അറിയാം സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള, മദ്യം ധര്‍മ്മവിരുദ്ധമെന്നു കരുതുന്ന മുസ്ലീം വിശ്വാസികളുടെ നാടായ സൗദി അറേബ്യയില്‍ പോലും രഹസ്യമായി ഇതൊക്കെയും ലഭിക്കുമെന്നുള്ള കാര്യം. ഈ മദ്യനിരോധനം കൊണ്ട് ധാരാളം കള്ളവാറ്റുകാരെയും, ക്രിമിനലുകളെയും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതു മാത്രമാണ് വസ്തുത. കൂടാതെ മദ്യനിരോധനം ശക്തമാകുന്നതോടു കൂടി വ്യാജമദ്യ മരണവാര്‍ത്തകള്‍ എഴുതുതാന്‍ കൂടുതല്‍ പത്രത്താളുകള്‍ മാധ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാകാം.
bar bribe
പാശ്ചാത്യ രാജ്യങ്ങളെ കണ്ടു പഠിക്കേണ്ട പലതും ഇതിലുണ്ട്. പാശ്ചാത്യര്‍ മദ്യത്തിനു യാതൊരു വിലക്കും കല്പിച്ചിട്ടില്ല. ആകെയുള്ള വിലക്കുകള്‍ മദ്യപിച്ചിട്ടു വാഹനം ഓടിക്കുന്നതും, പൊതുശല്യമായി മദ്യപിച്ച് പ്രവര്‍ത്തിക്കുന്നതും മാത്രം. അങ്ങനെ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം. കൂടാതെ ഇന്ന് പാശ്ചാത്യരാജ്യങ്ങളില്‍ പലയിടത്തും മയക്കുമരുന്നെന്ന് ലോകത്തില്‍ വിലക്കിയിരിക്കുന്ന കഞ്ചാവ് വീടുകളില്‍ കൃഷി ചെയ്യാനും, ഉപയോഗിക്കാനും ഉള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. എന്നു കരുതി ഈ രാജ്യങ്ങളിലുള്ളവരെല്ലാം മയക്കുമരുന്നുകള്‍ക്കും മദ്യത്തിനും അടിമകളായി മാറുമെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. ഏതൊരു വസ്തു മൂടപ്പെട്ടിരിക്കുന്നോ അതിനെ തുറന്നു കാണാനുള്ള ആഗ്രഹം എല്ലാ മനുഷ്യര്‍ക്കും ഉണ്ടാവും. എന്നാല്‍ മനുഷ്യനു സ്വാതന്ത്ര്യം വര്‍ദ്ധിക്കുമ്പോള്‍, എല്ലാം മലര്‍ക്കെ തുറന്നിരിക്കുമ്പോള്‍  അതിനോടുള്ള അസക്തി പൊതുവെ കുറഞ്ഞു വരുന്നതായി നമുക്കു കാണാന്‍ സാധിക്കുമെന്നുള്ളതാണ് പ്രപഞ്ചതത്വം.

മദ്യനിരോധനം കൊണ്ട് ഇന്ന് കേരളത്തില്‍ രണ്ടുതട്ടിലുള്ള ജനങ്ങളെ സൃഷ്ടിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലൂടെ കേരളത്തിലെ സമ്പന്നര്‍മാര്‍ക്കും, വിനോദസഞ്ചാരത്തിനായെത്തുന്ന വിദേശികള്‍ക്കും മാത്രം മദ്യ ലഭ്യതയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ ഈ പറയപ്പെടുന്ന സമ്പന്നരും കുറെനാള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പോയി മദ്യപിച്ചു കഴിയുമ്പോള്‍ അവരുടെ കുടുംബവും കുളംതോണ്ടുമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല.

കേരളത്തില്‍ മദ്യനിരോധനമാണോ, മദ്യ ഉപയോഗത്തിലുള്ള ബോധവത്ക്കരണമാണോ വേണ്ടതെന്ന് ചിന്തിക്കുക. പലരും പറയും ബോധവല്‍ക്കരണം കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ല എന്ന്. എന്നാല്‍ സ്‌കൂള്‍ തലം മുതല്‍ മദ്യപാനത്തിന്റെ തിന്മയുടെ വശം ജനങ്ങളെ പറഞ്ഞു ബോധവല്‍ക്കരിക്കുമ്പോള്‍ അവര്‍ മദ്യപാനത്തില്‍ നിന്നു വിട്ടു നില്‍ക്കുകയോ അമിതമായ മദ്യപാനത്തിലേക്ക് കടന്നു പോകുകയോ ചെയ്യില്ല എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നതു്. കതിരെക്കൊണ്ട് വളം വയ്ക്കാന്‍ ശ്രമിക്കുന്നതാണ് നമ്മുടെ കുറ്റം!

ഇന്ത്യയില്‍ ഇന്ന് പലയിടത്തും മാംസാഹാരം വില്പന നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നുകരുതി അവിടെ മാംസാഹാരം ലഭിക്കില്ല എന്ന് ഗവണ്മെന്റിനു എങ്ങനെ പ്രവചിക്കാനാകും! അതുപോലെ തന്നെയാണ് ഈ മദ്യനിരോധനവും! ചിലപ്പോള്‍ ഇതുമൂലം കൂടുതല്‍ നല്ല മദ്യം ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതാം!

മനുഷ്യന് നിരോധനങ്ങള്‍ അല്ല ഏര്‍പ്പെടുത്തേണ്ടത്! അവന് സ്വാതന്ത്ര്യം ആണ് ആവശ്യം! അവനവന്‍ ചിന്തിക്കട്ടെ എപ്രകാരം ഈ ലോകത്തില്‍ ജീവിക്കണമെന്നുള്ള കാര്യം!