ലോകകപ്പ് സമയത്ത് മെസ്സിയും സംഘവും താമസിച്ച മുറി മിനി മ്യൂസിയമാകും

ദോഹ: ഖത്തറിൽ ലോകകപ്പ് സമയത്ത് മെസ്സിയും സംഘവും താമസിച്ച മുറി മിനി മ്യൂസിയമാകുന്നു. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിലുള്ള മുറിയിലായിരുന്നു ലോകകപ്പ് മത്സരങ്ങൾക്കായി എത്തിയ മെസ്സിയും കൂട്ടരും താമസിച്ചിരുന്നത്. ഇതാണ് മിനി മ്യൂസിയമാകുക. ഖത്തർ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏകദേശം ഒരു മാസത്തോളം മിശിഹായും സംഘവും താമസിച്ച സ്ഥലം അതിമനോഹരമായാണ് ഖത്തർ അലങ്കരിച്ചിരുന്നത്. ഹോസ്റ്റലിലെ ചുമരുകൾക്കും വാതിലുകൾക്കും അർജന്റീനയുടെ ജഴ്‌സിയുടെ നിറമായിരുന്നു. 29 ദിവസത്തോളം അർജന്റീന ടീം ഖത്തറിൽ കഴിഞ്ഞിട്ടുണ്ട്. നവംബർ മൂന്നാം വാരം മുതൽ ഡിസംബർ 19 വരെയാണ് സംഘം ഖത്തറിൽ തങ്ങിയത്.

Loading...

മുറിയുടെ ചുമരുകൾ നിറയെ ടീം അംഗങ്ങളുടെ ഫോട്ടോകൾ പതിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ ഒരു മിനി അർജന്റീന തന്നെ പുനഃസൃഷ്ടിക്കാനായിരുന്നു അധികൃതരുടെ ശ്രമം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും യൂണിവേഴ്‌സിറ്റി അധികൃതരും ചേർന്നാണ് താമസ സൗകര്യങ്ങൾ ഒരുക്കിയത്. ഈ മുറി ഇനി മിനി മ്യൂസിയമായി കണക്കാക്കും.