നൊബേല്‍ ജേതാവ് മലാലയുടെ പേരില്‍ ഇനി ക്ഷുദ്രഗ്രഹവും

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ആമി മെയ്ന്‍സെര്‍ 2010 ല്‍ തിരിച്ചറിഞ്ഞ 316201 ക്ഷുദ്രഗ്രഹമാണ് ഇനി മുതല്‍ 'മലാല 316201' അല്ലെങ്കില്‍ '2010 ML48' എന്ന പേരില്‍ അറിയപ്പെടുക.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി വാദിച്ചതിന് താലിബാന്റെ തോക്കിനിരയായ മലാലയുടെ പേരില്‍ ഇനി സൗരയൂഥത്തില്‍ ഒരു ക്ഷുദ്രഗ്രഹവും കറങ്ങി നടക്കും. ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ ജേതാവ് എന്ന റിക്കോര്‍ഡിട്ട പെണ്‍കുട്ടിയാണ് പാകിസ്താന്‍കാരിയായ മലാല യൂസഫ്‌സായി. ക്ഷുദ്രഗ്രഹത്തിന് മലാലയുടെ പേര് മെയ്ന്‍സെര്‍ നല്‍കിയത് ഉചിതമായ നടപടി തന്നെയാണെന്ന്, അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അഭിപ്രായപ്പെട്ടു.  നാസ ഗവേഷക ആമി മെയ്ന്‍സെര്‍ ആണ് 2010 ല്‍ താന്‍ കണ്ടെത്തിയ ക്ഷുദ്രഗ്രഹത്തിന് നൊബേല്‍ ജേതാവ് മലാലയുടെ പേരിട്ടത്.

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ആമി മെയ്ന്‍സെര്‍ 2010 ല്‍ തിരിച്ചറിഞ്ഞ 316201 ക്ഷുദ്രഗ്രഹമാണ് ഇനി മുതല്‍ ‘മലാല 316201’ അല്ലെങ്കില്‍ ‘2010 ML48’ എന്ന പേരില്‍ അറിയപ്പെടുക.

Loading...

സൗരയൂഥത്തില്‍ ചൊവ്വായ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള ക്ഷുദ്രഗ്രഹ ബെല്‍റ്റില്‍ ( asteroid belt ) ആണ് ‘മലാല 31201’ സ്ഥിതിചെയ്യുന്നത്. അഞ്ചര വര്‍ഷത്തിലൊരിക്കല്‍ ഈ ക്ഷുദ്രഗ്രഹം സൂര്യനെ ചുറ്റുന്നു.

ക്ഷുദ്രഗ്രഹത്തിന് മലാലയുടെ പേര് നല്‍കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്’ ആമി മെയ്ന്‍സെര്‍ പറഞ്ഞു. പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയ ഡോ.കാരീ നുഗന്റാണ്, വളരെ കുറച്ച് സ്ത്രീകളുടെ പേരുകള്‍ മാത്രമേ ക്ഷുദ്രഗ്രഹങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്നകാര്യം തന്റെ ശ്രദ്ധയില്‍പെടുത്തിയതെന്ന് അവര്‍ പറഞ്ഞു.

nasa0

1997 ല്‍ പാകിസ്താനില്‍ ജനിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി വാദിച്ചതിന്റെ പേരിലാണ് ലോകശ്രദ്ധ നേടിയത്. പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ താന്‍ താലിബാന്റെ ഭീഷണിക്ക് കീഴില്‍ എങ്ങനെ ജീവിക്കുന്നു എന്ന് കാട്ടി ബിബിസിക്ക് വേണ്ടി 2009 ല്‍ മലാല ബ്ലോഗെഴുത്ത് ആരംഭിച്ചു.

ആദ്യം ഗുല്‍ മക്കായ് എന്ന അപര നാമത്തിലായിരുന്നു എഴുത്ത്. പിന്നീട് മലാലയുടെ പേര് വെളിപ്പെട്ടതോടെ താലിബാന്‍ അവള്‍ക്കെതിരെ വധഭീഷണി പുറപ്പെടുവിച്ചു. 2012 ഒക്ടോബര്‍ 9 ന് സ്‌കൂളിലേക്ക് പോകുംവഴി താലിബാന്‍ ഭീകരര്‍ മലാലയ്ക്ക് നേരെ നിറയൊഴിച്ചു. തലയ്ക്ക് വെടിയേറ്റ മലാലയെ ഇംഗ്ലണ്ടിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയാണ് ജീവന്‍ രക്ഷിച്ചത്.

nasa2

ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നിലകൊണ്ട മലാലയ്ക്ക് 2014 ല്‍, 17 ാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. ഇന്ത്യയില്‍ കുട്ടികളുടെ അവകാശത്തിനായി പോരാടുന്ന കൈലാഷ് സത്യാര്‍ഥിക്കൊപ്പമാണ് മലാലയ്ക്കും നൊബേല്‍ ലഭിച്ചത്.

ശാസ്ത്രരംഗത്ത് സ്ത്രീകള്‍ അവഗണിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ നാസ ഗവേഷക മെയ്ന്‍സെര്‍ക്കും മുന്നിലെത്തിയ പേര് മലാല എന്നാണ്. ശാസ്ത്രരംഗത്ത് താത്പര്യമുള്ള പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ മടിയില്ലാത്ത മെയ്ന്‍സെര്‍, ‘മലാല ഫണ്ട് ബ്ലോഗി’ലും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ചിത്രങ്ങള്‍ കടപ്പാട്: റോയിട്ടേഴ്‌സ്, നാസ)