പ്രശാന്തമായ പുലരി. ദീപു കാർ സ്റ്റാർട്ട് ആക്കുന്നു. കൈകൾ വീശി യാത്ര പറഞ്ഞ് ഓഫീസിലേക്ക്. കുട്ടികൾ സ്കൂളിലേക്ക് പോയി. ജാലകക്കണ്ണാടിയിലൂടെ കുറച്ചുനേരം വെറുതെ നോക്കിയിരുന്നു. കൊടും തണുപ്പ്.

ഒരു തൂവെള്ളക്കമ്പളം മൂടിയ ഭൂമിയിലേക്ക് സൂര്യകിരണങ്ങള്‍ ഊര്‍ന്നിറങ്ങുന്നു. പ്രകൃതിക്ക് കൂടുതല്‍ മനോഹാരിത. ഈശ്വരാ ലൊഗിൻ ചെയ്യാൻ മറന്നു. മനസ്സിൽ ഒരു ഗാനം… മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്ന മൗനാനുരാഗത്തിന്‍ മുഗ്ദ്ധഭാവം. ഈശ്വരാ.. ഇതെപ്പോള്‍ മനസ്സില്‍ ചേക്കേറി. ലോഗിന്‍ ചെയ്തു. ഒരു ഫോണ്‍. കുട്ടനാട്ടിലെ നമ്പറാണല്ലോ.

Loading...

“ഹലോ പൂജ…”

“അതെ” സന്ദേഹത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്.

“Tomorrow your Birthday, right? Many many happy returns of the day dear”.  ആരെന്നു മനസ്സിലായോ.

“സോറി മനസിലായില്ല”

“ഓ.. അപ്പോൾ നീ എന്റെ ശബദവും മറന്നു അല്ലെ?” ഒരു നിമിഷത്തിനുശേഷം

”ഞാൻ ജയശങ്കര്‍…”

“I am really really Sorry Jaya. After a long time almost 20 years ago.”

“Please really sorry.”

“That is ok I can understand. നമ്മുടെ കോളേജ് ദിനങ്ങളൊക്കെ ഓർമ്മിച്ചപ്പോള്‍ നിന്റെ ബര്‍ത്ത്ഡേ ഓര്‍മ്മ വന്നു; വിളിക്കണമെന്നു തോന്നി. ബൈ…” അവള്‍ ഫോണ്‍ വച്ചു.

പുറത്ത് സൂര്യകിരണങ്ങള്‍ക്ക് ശക്തിയും വ്യാപ്തിയും കൂടിയിരിക്കുന്നു. ഭൂമി തന്റെ കമ്പളം എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതുപോലെ. അതിലും വേഗത്തില്‍ മനസ്സ് കോളേജ് ദിനങ്ങളിലേക്ക് പ്രവേശിച്ചു. പരിഭവങ്ങളും പരാതികളും ഇല്ലാതെ, സ്വപ്നങ്ങള്‍ക്കു നീലകമ്പളം പരിവേഷം ചാര്‍ത്തിയ കാലം. ഓരോ കൗതുകക്കാഴ്ചകള്‍ക്കു മുമ്പിലും ചിത്രശലഭംപോലെ മനസ്സ് ചിറകടിച്ചു വര്‍ണ്ണാഭമായി. ആ നുണകുഴിക്കവിളുകള്‍ എന്റെ ഓര്‍മ്മകളിലുടക്കി നിന്നു! ഒരു വാക്ക് പോലും പറയാതെ എന്തെക്കെയോ എന്നോട് പറഞ്ഞ ആ മിത്രം. അങ്ങനെയുള്ള പരിചയപ്പെടുത്തല്‍ ശരിയാണോ എന്നറിഞ്ഞുകൂടാ… അത്തരത്തിലുള്ള ഓര്‍മ്മകളെ മനസ്സാകുന്ന ചിപ്പിക്കുള്ളിൽ ഒരു മുത്തായി സുക്ഷിക്കുകയായിരുന്നു.

ജയശങ്കറിന്റെ ഫോണ്‍ വിളിക്കുശേഷം ഞാന്‍ ആ ചിപ്പി മെല്ലെ തുറന്നു. കോളേജില്‍ എന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്നു ജയശങ്കര്‍. രണ്ടുവ്യക്തികള്‍ എന്നതിലുപരി രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള മത്സരമായിരുന്നു അത്. ‘Meet the candidate’ കഴിഞ്ഞ്  എന്റെ അരികിലേക്കുവന്നു പ്രസംഗം നന്നായിരുന്നുവെന്നു പറഞ്ഞുപോയി. അതൊരു പ്രശംസമാത്രമായിരുന്നില്ല. ആ കണ്ണുകൾ എന്താണ് എന്നോടു പറയുവാന്‍ ശ്രമിച്ചത്? എന്നിലെ പത്തൊമ്പതുകാരിയുടെ ഹൃദയം മിടിച്ചുവോ? ആ  നോട്ടം ഹൃദയത്തിലെവിടെയോ പതിച്ചുവോ?

യാന്ത്രികമായിട്ടാണ് രാവിലത്തെ കോണ്‍ഫെറന്‍സ് കോള്‍ അറ്റൻഡ് ചെയ്തത്. കൈവിട്ടുപോയ പട്ടംപോലെ മനസ്സലയുകയാണ്. പ്രോജെക്ട് മാനേജര്‍ എന്തൊക്കെയോ പറയുന്നു. പത്തുമിനിറ്റിന് പത്തുമണിക്കൂറിന്റെ ദൈര്‍ഘ്യം. കോണ്‍ഫെറന്‍സ് കഴിഞ്ഞു. പത്തൊന്‍പതുകാരിയുടെ കുസൃതിയോടെ ആ നമ്പര്‍ റീഡയല്‍ ചെയ്തു.

“എനിക്കറിയാമായിരുന്നു താന്‍ തിരിച്ചു വിളിക്കുമെന്ന്.”

ഞാന്‍ ചിരിച്ചു നിര്‍ത്തി. “ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം എന്തിനു വിളിച്ചു?”

“ബെര്‍ത്ത്ഡേ വിഷ് ചെയ്യാന്‍. തെറ്റായോ?”

ഞാന്‍ ഒന്നു നിശ്വസിച്ചു. അത് ആ കാതുകളില്‍ പതിഞ്ഞുവെന്നു ബോധ്യമായി.

“താൻ ഇപ്പോൾ കഥയും കവിതയും ഒന്നും എഴുതാറില്ലേ… പൂജാ…”

“ഇല്ല…”

“എഴുതണം…” ആ വാക്കുകള്‍ അഭ്യര്‍ത്ഥനയുടേതഅയിരുന്നു. നീ കോളേജിൽ അവതരിപ്പിച്ചതും, മാഗസിനില്‍ വന്നതുമൊക്കെ ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. സമയം അനുവദിക്കുമെങ്കില്‍ എന്റെ പ്രോഫൈല്‍ ഫേസ്ബുക്കില്‍ ഒന്നു നോക്കുമോ?”

ശരിക്കും ഞാന്‍ വിസ്മയിച്ചുപോയി. എന്റെ കവിതയില്‍ ഞാന്‍ കോറിയിട്ട മനോഹരസൗധം. ഒരു വശത്ത് മലഞ്ചെരിവ്. മറുവശത്ത് നെല്‍പ്പാടം. തൊടിയിൽ നെല്ലി, മാതളം, പ്ലാവ്, എല്ലാറ്റിന്റെയും ഫോട്ടോ ഒരു കുട്ടി കളിപ്പാട്ടങ്ങള്‍ കാട്ടുന്ന നിഷ്കളങ്കതയോടെ ജയശങ്കര്‍ എനിക്ക് മെസ്സേജ് ചെയ്തുകൊണ്ടിരുന്നു.

പിന്നീടു വന്നത് പൂന്തോട്ടത്തിന്റെ ചിത്രങ്ങളാണ്. ഡാലിയ, ആന്തുരിയം, വിവിധ നിറങ്ങളിലുള്ള റോസാപ്പൂക്കള്‍. പുഷ്പങ്ങൾ എന്നും എന്റെ ദൗര്‍ബല്യമായിരുന്നു. പ്രത്യേകിച്ചും റോസാപൂക്കൾ. ജയശങ്കര്‍ അതെന്നെ ഓര്‍മ്മിപ്പിച്ചു.  “നമ്മുടെ ചിന്തകളും ഇഷ്ടങ്ങളും എപ്പോഴും ഒരേ ദിശയിലായിരുന്നില്ലേ” എന്നായിരുന്നു കമന്റ്.

ഞാനേറെ സ്നേഹിച്ച എന്റെ സരസ്വതിക്ഷത്രത്തിലേക്ക് അതെന്നെ കൂട്ടിക്കൊണ്ടുപോയി. ഇടവിടാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ അവിടെ കണ്ടു. ‘ചാറ്റര്‍ബോക്സ്’ എന്നായിരുന്നു അവളുടെ ചെല്ലപ്പേര്. എപ്പോഴും ചിരിച്ചു നടക്കുന്ന കുട്ടി എന്നതായിരുന്നു അവളെക്കുറിച്ചുള്ള കമന്റ്- അത് ഞാനായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. എന്നാല്‍ ആകുലതകളെക്കുറിച്ചും നൊമ്പരങ്ങളെക്കുറിച്ചും ജയശങ്കറിന് അറിയാമായിരുന്നു.

എന്റെ വിവാഹ നിശ്ചയം നടന്നു. ഞാന്‍ വിവാഹിതയായി. ഏഴുകടലുകള്‍ താണ്ടി. അവിടെ ഞാനൊരു ജീവിതം ആരംഭിച്ചു. സൗഭാഗ്യങ്ങള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ട ജീവിതം. ആരും മോഹിച്ചുപോകുന്ന ജീവിതം. പക്ഷെ… ഹൃദയത്തിൽ എവിടെയോ ഒരു മുറിപ്പാട്. അകാരണമായ ഒരു വേദന ഇടയ്ക്കിടെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അതൊരു വികല്പമാകാം. ആകുലതകളെ ഏറ്റുവാങ്ങാന്‍ ശ്രമിക്കുന്ന ഒരു മനസ്സിന്റെ തോന്നലുകളുമാകാം. രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം അവിചാരിതമായി കടന്നുവന്ന ജന്മദിന ആശംസ എന്റെ നൊമ്പരത്തെ തൊട്ടുണര്‍ത്തി. അകാരണമായ വേദനയുടെ കാരണം കൂടിയായിരുന്നു അത്. എന്റെ ജീവിതം എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നില്ല! ഞാന്‍ എഴുതി തുടങ്ങണമെന്ന് ജയശങ്കര്‍ നിര്‍ബന്ധിക്കുന്നു.

“ഇനി എനിക്കതിനു കഴിയുമെന്നു തോന്നുന്നില്ല. എങ്കിലും പെയ്തൊഴിയാത്ത കുറേ മഴമേഘങ്ങള്‍ എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്.” മഴയ്ക്കുശേഷം തെളിഞ്ഞു മനോഹരമായ ആകാശത്തട്ടല്ലേ എന്റെ വര്‍ത്തമാനകാലം- ഞാന്‍ ഓര്‍ത്തു.

“വിടരാതെപോയ ആ മോഹങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ വാക്കുകള്‍ക്കെങ്കിലും കഴിയുമെങ്കില്‍…” ജയശങ്കര്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍ ആ ശബ്ദത്തിലെ പതര്‍ച്ച എന്റേതായി മാറുകയായിരുന്നു.

“ജീവിതം മരീചികയാണ് എന്ന് ധ്വനിപ്പിക്കുന്ന നീ എഴുതിയ ആ ഇംഗ്ലീഷ് കവിത ഓര്‍ക്കുന്നുവോ?” ജയശങ്കര്‍ വീണ്ടും സംസാരിച്ചുതുടങ്ങി.

“ഇരുപതു കൊല്ലമായി ഞാന്‍ എല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്…”

Life is a mystery…  While leading
a mysterious life,
We will search around for Oasis.
That is human nature.
Something we need to vent,
need to get inspired,
need to get admired,
need to be loved more over a person who can trust.
but for me everything a mirage.

ഇതായിരുന്നു പൂജ ഞാന്‍ എഴുതിയത്”…

“Jaya… you still remember this” ഞാൻ അത്ഭുതപ്പെട്ടു.

“നിന്നെ ഒരിക്കലും മറന്നിട്ടില്ല. നിന്റെ കവിതകളും.”

പെട്ടെന്ന് സംഭാഷണം മുറിഞ്ഞതുപോലെ. ഫോണ്‍ കട്ടായതാണോ അതോ, ഞാന്‍ കട്ടാക്കിയതാണോ, അറിയില്ല. സംഭാഷണം അവിടെ അവസാനിച്ചത് എത്ര നന്നായി. ഇനി പറഞ്ഞു തുടങ്ങുന്ന ഓരോ വാക്കുകള്‍ക്കും ജീവിതമാണ് വില നല്‍കേണ്ടത്. ജോലി തുടര്‍ന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിഞ്ഞില്ല.

എന്റെ ഹൃദയം വായിച്ചറിഞ്ഞ ഒരാള്‍. എന്റെ കവിത സ്നേഹിച്ച ഒരാള്‍. രണ്ടുപതിറ്റാണ്ടിനുശേഷവും അതേ മാനസികാവസ്ഥയില്‍ ഒരാളുണ്ടെന്നറിയുമ്പോള്‍… ഉള്ളിലൊരു നെരിപ്പോടെരിയുന്നതുപോലെ… ഇല്ല. എന്റെ മോഹങ്ങള്‍ക്ക് ശാദ്വലഭൂമിയായി ചിലരുണ്ടെന്നുള്ള ആശ്വാസം. സ്നേഹിക്കപ്പെടുവാനും, അംഗീകരിക്കപ്പെടുവാനും ആഗ്രഹിക്കാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല.

ഒന്നും പറയാതെ, എല്ലാം പറഞ്ഞ, എന്നിലെ എന്നെ ഓര്‍മ്മകളുടെ ചിപ്പിക്കുള്ളിലെ മുത്തായി സൂക്ഷിച്ച ജയശങ്കറിന് ഞാന്‍ ഈ പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ സമര്‍പ്പിക്കുന്നു.

flowercloud