അമേരിക്കൻ മലയാളികൾക്ക് പി വിജയന് ഐ പി എസ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി.

തിരുവനന്തപുരം: സിഎൻഎൻ-ഐ ബി എൻ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡിൽ,പബ്ലിക്ക് സർവീസ്‌ വിഭാഗത്തിൽ ജനലക്ഷങ്ങൾ പങ്കെടുത്ത ഓണ്‍ലൈൻ വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ശ്രീ പി വിജയൻ ഐ പി എസ്, തനിക്കു എക്കാലത്തും സമ്പൂർണ്ണ പിന്തുണ നല്കിയ അമേരിക്കൻ മലയാളി സുഹൃത്തുകൾക്കു തന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വിജയൻ ഐ പി എസ്സും അമേരിക്കൻ മലയാളികളും വിളിച്ചു കൂട്ടിയ കോണ്‍ഫറൻസ് കോളിലാണു അദ്ദേഹം ഇത് പറഞ്ഞത്. അമേരിക്കയുടെ വിവിധ സംഥാനങ്ങളിൽ നിന്ന്, സമൂഹത്തിന്റെ വിവിധ തുറയിൽ നിന്നുമുള്ള ആളുകൾ കോണ്‍ഫറൻസ് കോളിൽ പങ്കെടുത്തിരുന്നു.

കേരളത്തിന്റെ ജനപ്രിയ പോലീസ് ഉധ്യോഗസ്ഥനും, സംസ്ഥാന ഇന്റെലിജെൻസ്‌ വിഭാഗത്തിന്റെ മേധാവിയുമായ ശ്രീ വിജയൻ ഐ പി എസ്സിനെ സി എൻ എൻ-ഐ ബി എൻ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡ് നേടിയത്, അദ്ദേഹത്തോടൊപ്പം ലോകമലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.

Loading...

6 വിഭാഗങ്ങളിലായി 36-ഓളം പേരുകളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്ലി, ബി ജെ പി ആദ്യക്ഷൻ അമിത് ഷാ, തെലുങ്കാന മുഖ്യ മന്ത്രി ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെ പിന്തള്ളി, ഏകദേശം അൻപത്തൊന്നു ശതമാനത്തോളം (51%) വോട്ടുകളോടെ ഏറ്റവും പോപ്പുലർ ആയ വ്യക്തി ആയിട്ട്,മലയാളക്കരയുടെ അഭിമാനമായ പി വിജയൻ ഐ പി എസ്, വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്. ജനുവരി നാലാം തീയതി അവസാനിക്കണ്ട മത്സരം, പിന്നീടു ജനുവരി മുപ്പത്തൊന്നാം തീയതിയിലേക്കും, അവസാനം ഫെബ്രുവരി പതിനൊന്നാം തീയതിയിലേക്കും മാറ്റിയതു, അവാർഡ് ദാന ചടങ്ങിൽ ചില വിശിഷ്ട വ്യക്തികളെ ഉൾപ്പെടുത്താനായിരുന്നു എന്ന് ചാനൽ പറഞ്ഞിരുന്നുവെങ്കിലും, അത് മനപൂര്‍വം പക്ഷപാത പരമായി ചെയ്തതാണെന്നു ഒരു ആക്ഷേപം ഉണ്ടായിരുന്നു.

എന്തൊക്കെ ആയാലും ലോകമെമ്പാടുമുള്ള മലയാളികൾ പ്രത്യേകിച്ചു ഗൾഫിലും, അമേരിക്കൻ ഐക്യ നാടുകളിലും, യൂറോപ്പിലും, ആസ്റ്റ്രേലിയലും ഉള്ള പ്രവാസി മലയാളികളുടെ വീറോടും വാശിയോടുമുള്ള വോട്ടുകൾ ഫലം ചെയ്തു എന്ന് വേണം കരുതാൻ. പ്രതേകിച്ചു ജനുവരി 30 ആം തീയതി വൈകിട്ട് 9 മണിക്ക്, ന്യൂയോർക്ക്‌ സമയം (ഇന്ത്യൻ സമയം ജനുവരി 31 രാവിലെ) അമേരിക്കയിൽ നടത്തിയ ഫോണ്‍ കോണ്‍ഫറൻസ് കാൾ, 29 ശതമാനത്തിൽ കിടന്ന വോട്ടുകൾ 37 ശതമാനത്തിലേക്കു ഉയർത്തുവാൻ കാരണമായി. ഈ സ്നേഹത്തിനും പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞതിനൊപ്പം, ഈ അവാർഡ്‌ തനിക്കല്ല മറിച്ചു സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പരിപാടിക്കുള്ള അംഗീകാരമാണെന്നു അദ്ദേഹം പറഞ്ഞു.

ഈ അംഗീകാരത്തിൽ നിന്ന് ലഭിച്ച ഊർജ്ജം അടുത്ത പ്രോജക്റ്റിലേക്കു വഴി തിരിക്കാനുള്ള തയാറെടുപ്പിലാണദ്ദേഹം. ഒരു നല്ല നാളെക്കായി “മിഷൻ ബെറ്റർ ടുമാറോ” (എം ബി ടി) ആണ് അദ്ദേഹത്തിൻറെ അടുത്ത പ്രോജെക്റ്റ്‌. ഇതൊരു വലിയ പ്രവർത്തനമാണ്. അതോ കൊണ്ട് തന്നെ അദ്ദേഹം ഒറ്റയ്ക്കല്ല, നമ്മൾ എല്ലാവരും ഒരുമിച്ചു ഒരു നല്ല നാളെക്കായി, നല്ല സമൂഹത്തിനായി, രാജ്യ പുരോഗതിക്കായി പ്രവർത്തിക്കാൻ ഈ പ്രോജെക്റ്റ്‌ ഒരു കാരണമാകും. കോണ്‍ഫറൻസ് കോളിൽ പങ്കെടുത്ത എല്ലാവരും തന്നെ അദ്ദേഹത്തിൻറെ പുതിയ പദ്ധതിക്ക് പൂർണ്ണ പിന്തുണ നല്കി.

ഈ പ്രവർത്തനങ്ങളിലൂടെ എല്ലാം മലയാളികളുടെ യശ്ശസും അഭിമാനവും ഉയർത്തുവാൻ അദ്ദേഹത്തിനാകട്ടെ എന്നു ആശംസിക്കുന്നു.