പൗരാണിക ഭാരത ദര്‍ശനത്തില്‍ മതസങ്കല്പത്തിന്റെ മേലങ്കികളൊന്നും ഉണ്ടായിരുന്നില്ല: ഡോ. എന്‍. ഗോപാലകൃഷ്ണന്‍

ഡാലസ്: പൗരാണിക ഭാരത ദര്‍ശനത്തില്‍ മതസങ്കല്പത്തിന്റെ മേലങ്കികളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍. മന്വന്തരങ്ങളുടെ മഹിമകൊണ്ട് മഹത്തരമായ ഭാരതീയ പൈതൃകത്തിന്റെ സമഗ്രമായ സംഭാവനകളേയും കാലികമായ പ്രസക്തിയേയും കുറിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ഡയറക്ടറും പ്രശസ്ത മലയാള ശാസ്ത്ര ഗവേഷകനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ കെ.എച്ച്.എന്‍.എ ഡാലസ് കണ്‍വന്‍ഷനില്‍ നടത്തിയ ഉദ്‌ബോധനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രാപഞ്ചിക രഹസ്യങ്ങള്‍ക്ക് ജനറ്റിംഗ് എന്‍ജിനീയറിംഗിന്റെ പിന്‍ബലത്തില്‍ പുത്തന്‍ നിര്‍വചനങ്ങളുമായി ശാസ്ത്രലോകം നടത്തുന്ന വിജ്ഞാന വിസ്‌ഫോനടനങ്ങളുടെ മുന്നില്‍ പല സംഘടിത മതങ്ങളും പകച്ചു പിന്‍മാറുകയോ, കൂടുതല്‍ മൗലീകതയിലേക്ക് ചുരുങ്ങുകയോ ചെയ്യുന്ന ഇക്കാലത്ത് വേദസംസ്‌കാരം ഈ നൈതിക പ്രതിസന്ധിയെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നത് ലോകം ഉറ്റുനോക്കുന്ന ഒന്നാണ്. സംഘടിതമായ അനുചരവൃന്ദമുണ്ടായിരുന്നില്ല. പക്ഷെ കാലാന്തരത്തില്‍ നിരവധി ദുരാചാരങ്ങളും, വിഭജനങ്ങളുമുണ്ടായെങ്കിലും പരമമായ ഉണ്മയെ കണ്ടെത്താനുള്ള ഋഷി പരമ്പരയുടെ യാത്ര ഒരിക്കലും അവസാനിക്കുന്നില്ല. അത്തരത്തിലുള്ള ഒരു യാത്രികന് ലൗകിക യാഥാര്‍ത്ഥ്യങ്ങളുടെ നടുവില്‍ നിന്നുകൊണ്ടുതന്നെ തന്റെ സത്യാന്വേഷണം തുടരാമെന്ന് ഭാരതീയ പൗതൃകം ഉറപ്പിച്ചുപറയുന്നു.

Loading...

ഡോ. എന്‍. ഗോപാലകൃഷ്ണന്‍ കഴിഞ്ഞ നാലു ദശകങ്ങളായി വടക്കേ അമേരിക്കയിലെ വിവിധ സര്‍വ്വകലാശാലകളിലും, പൊതുവേദികളിലും വേദസംസ്‌കാരത്തിന്റെ വൈജ്ഞാനിക വൈപുണ്യത്തെക്കുറിച്ച് അസംഖ്യം പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഹൈന്ദവ സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ചെറിയ ഇടവേളയ്ക്കുശേഷം അമേരിക്കയിലെത്തുന്ന അദ്ദേഹം ഭാരതീയ തത്വചിന്തയുടെ യുക്തിഭദ്രതയേയും, ദര്‍ശനങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്ന ആചാരസംഹിതകളേയും അടിസ്ഥാനമാക്കി വിവിധ വേദികളില്‍ അമേരിക്കന്‍ മലയാളികളുമായി സംവദിക്കുന്നു.

ലൗകികതയും ആദ്ധ്യാത്മികതയും സമന്വയിപ്പിക്കുന്ന സര്‍ഗ്ഗാത്മകമായ സമ്മേളനവേദിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതിക്കുവേണ്ടി റ്റി.എന്‍. നായര്‍, റെനില്‍ രാധാകൃഷ്ണന്‍, ഗണേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.