മണ്‍കുടത്തിലെ നിധി

“വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം” (മത്തായി:22:14).

ക്രൈസ്തവ സഭയില്‍ വിത്യസ്ത ജീവിതാന്തസുകള്‍ നയിക്കാന്‍ ദൈവത്തില്‍ നിന്നു ലഭിക്കുന്ന വിളിയാണ് ദൈവവിളി. വിളിക്കപ്പെടാത്തവരായ ആര്‍ക്കും സഭയോട് ചേരാനോ, നിത്യജീവന്‍റെ ഓഹരി പങ്കു പറ്റാനോ സാധിക്കുകയില്ല. എന്നാല്‍, വിളിക്കപ്പെടുന്നവരെല്ലാം തെരഞ്ഞെടുക്കപ്പെടണം എന്നു നിര്‍ബന്ധമില്ല . പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് സമര്‍പ്പിതര്‍.

Loading...

കുറെ നാള്‍ മുന്‍പ് കേരളത്തിലെ മെത്രാന്‍ന്മാര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ കേരളസഭയിലെ ദൈവവിളികളെകുറിച്ച് മാര്‍പാപ്പ പ്രതികരിച്ചത് ഇപ്രകാരമാണ്: “കേരളസഭ ദൈവവിളികളാല്‍ അനുഗൃഹീതമാണ്”.

സഭയുടെ ഫലസമൃദ്ധിയുടെ അടയാളമാണു ദൈവവിളി. എല്ലാ ക്രൈസ്തവജീവിതാവസ്ഥകളും ദൈവവിളികള്‍ തന്നെയാണെങ്കിലും ഈ ലേഖനം സമര്‍പ്പിത ദൈവവിളികളെ കുറിച്ചാണ്.

ആവശ്യമായ പരിശിലനവും, യോഗ്യതയും, സ്വതന്ത്രമായ തീരുമാനവും പ്രദര്‍ശിപ്പിക്കുന്നവരെ മാത്രമേ സമര്‍പ്പിത ജിവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കാറുള്ളൂ. ദൈവത്തെ സ്വന്തമാക്കുന്നതിനുള്ള യത്നത്തില്‍ സമര്‍പ്പിതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശുശ്രുഷകള്‍ വിലപ്പെട്ടതാണ്.fr2

ലോകത്തിന്‍റെ വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹമായ സേവന മേഖലകള്‍ തുറക്കുന്ന ഇവരുടെ പങ്ക് ചെറുതായി കാണാന്‍ ആവില്ല. സമര്‍പ്പിതരുടെ ത്യാഗത്തിന്‍റെ സദ്ഫലങ്ങള്‍ ഭക്ഷിച്ചു വളരുവാന്‍ സഭയിലെ മറ്റു മക്കള്‍ക്ക്‌ ധാരാളം അവസരങ്ങള്‍ ഉണ്ട്. അവരുടെ സേവനത്തിനു എന്ത് പകരം വയ്ക്കാന്‍ ആകും?
മാതാപിതാക്കന്മാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതവും പ്രോത്സാഹനവും പ്രാര്‍ത്ഥനയുമാണ് ദൈവവിളിക്ക് അടിസ്ഥാനം.

നമ്മുടെ കുടുംബത്തില്‍ നിന്നും ഒരു എം.പി യോ എം.എല്‍.എ യോ ഉണ്ടാകുക എന്നതിനേക്കാള്‍ മഹത്തായ അനുഗ്രഹമാണ് നമ്മുടെ കുടുംബത്തില്‍ നിന്നും ദൈവവിളി ഉണ്ടാകുക എന്നത്. നല്ല മനുഷ്യരില്‍ നിന്നേ നല്ല സമര്‍പ്പിതര്‍ ജന്മമെടുക്കൂ എന്ന തത്വം സാക്ഷാത്കൃതമാകണമെങ്കില്‍ നമ്മുടെ കുടുബങ്ങളില്‍ കുട്ടികള്‍ക്ക് നല്ല സ്വഭാവ രൂപീകരണവും, സമര്‍പ്പിത ജീവിതത്തോടുള്ള ആഭിമുഖ്യവും, ദൈവവിളിയുടെ പ്രോത്സാഹനവും ഉണ്ടാകണം.

നമ്മുടെ അശ്രദ്ധ കൊണ്ട് ദൈവിളി നാം കേള്‍ക്കാതെ പോകരുത്. ഇടവകയിലെ അജപാലക നേതൃത്വത്തിന്‍റെ പ്രോത്സാഹനവും നല്ല ദൈവവിളികള്‍ ഉണ്ടാവുന്നതിനും വളരുന്നതിനും അനിവാര്യമാണ്. നമ്മുടെ പൂര്‍വികര്‍ മക്കളെ ദൈവത്തിനായി സമര്‍പ്പിക്കുന്നതില്‍ ഉദാരരായിരുന്നു. ആ മാതൃക പിന്തുടരേണ്ടത്‌ കാലഘട്ടത്തിന്‍റെ ആവശ്യം ആണ്.

ഉപഭോഗസംസ്‌കാരവും ആഡംബരജീവിത പ്രവണതയുമൊക്കെ യുവതലമുറയില്‍ ദൈവവിളി കാതോര്‍ക്കുന്നതിനു തടസമാകാറുണ്ടെങ്കിലും കേരളത്തിലെ സമര്‍പ്പിതരുടെ മാതൃകാജീവിതവും അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളും കൊണ്ടാവണം ദൈവവിളി സ്വീകരിക്കുന്ന യുവജനങ്ങളുടെ എണ്ണം ഏറിവരികയാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭയ്ക്ക് ദൈവം കുറവുകള്‍ ഒന്നും വരുത്തുകയില്ല എന്നതിന്‍റ തെളിവാണിത്.

വിശ്വാസത്തിന്‍റെ വേരുകള്‍ അറ്റുപോയിട്ടില്ല എന്ന ഓര്‍മപ്പെടുത്തലും വിശ്വാസികളുടെ ദൈവാനുഭവത്തിനു കുറവുണ്ടാകുന്നില്ല എന്നതിനു തെളിവും, ദൈവം മനുഷ്യ കരങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു എന്നതിനു മാതൃകയും ആണ് നമ്മുടെ ഇടയില്‍ ഉണ്ടാവുന്ന ദൈവവിളികള്‍. വലിയ സന്തോഷം നല്‍കുന്ന ഒരനുഭവമാണിത്.

ദൈവവിളി മേഖലയില്‍ നമുക്കിന്നു ചില പ്രതിസന്ധികളുണ്ട്. ദൈവത്തെ മാത്രം കണ്ടു അവിടുത്തെ വിളിയില്‍ കാത്ചേര്‍ത്ത് മുന്നോട്ടു വരുന്നവര്‍ കുറയുന്നു . ഇതിനു കാരണം കുടുംബജീവിതത്തിനുള്ള ദൈവവിളി സ്വീകരിച്ചു കുടുംബജീവിതം നയിക്കുന്നവരുടെ ഇടയിലുള്ള മൂല്യത്തകര്‍ച്ചയാണ്.

മരണ സംസ്‌കാരം വളര്‍ത്തുന്ന എല്ലാ സ്വാര്‍ത്ഥ ചിന്തകളും പ്രവര്‍ത്തികളും നാം ഒഴിവാക്കണം. ഏറ്റവും വലിയ പങ്കുവയ്ക്കല്‍ നടക്കേണ്ടത് കുടുംബത്തിലാണ്. ജിവന്‍റെയും സ്നേഹത്തിന്‍റെയും പങ്കുവയ്ക്കലില്‍ നാം കാണിക്കുന്ന പിശുക്ക് ഒന്നോ ഏറിയാല്‍ രണ്ടോ കുട്ടികളുള്ള കുടുംബങ്ങളായി നമ്മെ ചുരുക്കി. അണുകുടുംബം എന്ന പ്രവണത ദൈവവിളികളുടെ എണ്ണം കുറയാന്‍ ഇടയാക്കുന്നുണ്ട്.

സാമൂഹികമായ നിഷേധാത്മക സമ്മര്‍ദ്ദങ്ങള്‍ ഒരു പരിധിവരെ യുവതലമുറയെ സ്വാധീനിക്കും എന്നതില്‍ സംശയമില്ല. ഒരു കാലത്ത് സമര്‍പ്പിതര്‍ ആദരിക്കപ്പെട്ടിരുന്ന സമൂഹമായിരുന്നു നമ്മുടേത്‌. എന്നാല്‍ ഇന്നു സമര്‍പ്പിതരോടുള്ള അനാദരവ് യുവതലമുറയെ സമര്‍പ്പിത ജീവിതത്തെ പുണരുന്നതില്‍ വിമുഖമാക്കാറുണ്ട്. വൈദിക, സന്യസ്ത ജീവിതങ്ങളിലെ പരാജയങ്ങളെ കുറിച്ചുള്ള പര്‍വ്വതീകരിച്ച വിവരണങ്ങളുടെ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ എങ്ങനെ ആ ജീവിത ശൈലിയിലേക്ക് നടന്നടുക്കും? സമര്‍പ്പിതരുടെ പോരായ്‌മകള്‍ നമ്മുടെ ഭവനത്തിലും മറ്റും വിളംബരം നടത്തുമ്പോള്‍ വരാനിരിക്കുന്ന ഒരു തലമുറയെകൂടിയാണ് നമ്മള്‍ നശിപ്പിക്കുന്നത്. കുടുംബങ്ങളിലെ മറ്റു ഒച്ചപ്പാടുകളും ദൈവ വിളിയുടെ ശരിയായ വളര്‍ച്ചക്ക് വിലങ്ങുതടി ആവുന്നുണ്ട്‌.

ദൈവവിളികളുടെ ആദ്യത്തെ പ്രോത്സാഹന ചുമതല വഹിക്കേണ്ടതു കുടുംബങ്ങള്‍ തന്നെയാണ് എന്നത് നാം വിസ്മരിക്കണ്ട.
വിശ്വാസപരിശിലന രംഗം ആണ് ദൈവവിളി പ്രോത്സാഹനത്തിനു പ്രേരകം ആകേണ്ട മറ്റൊരു മേഖല. ഈ രംഗത്തു നടത്തുന്ന എല്ലാ പരീക്ഷണങ്ങളും വിശ്വാസ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നുണ്ട്. പക്ഷേ, അതു വിശ്വാസ സാക്ഷ്യത്തിലേയ്ക്കു നയിക്കുന്നില്ല. മതബോധനത്തില്‍ അക്കാദമിക്കായി പഠിപ്പിക്കുന്ന പാഠപുസ്തകങ്ങള്‍, പരീക്ഷാ സന്പ്രദായങ്ങള്‍ തുടങ്ങിയവയൊക്കെ വളരെയേറെ അറിവു കുട്ടികള്‍ക്കു നല്‍കാന്‍ കാരണമാകുന്നുണ്ട്. അറിവിനു തത്തുല്യമായ വിശ്വാസ അനുഭവത്തിലേക്കും തിരിച്ചറിവിലേക്കും അത് കുട്ടികളെ എത്തിക്കുന്നുണ്ടോ എന്നത് സംശയാസ്പദമാണ്.

കാലോചിതമായ മാറ്റങ്ങള്‍ അജപാലന ശുശ്രുഷയില്‍ വരുത്തേണ്ടതും ഒരു പ്രധാന വസ്തുതയാണ്. പഴയ തലമുറയെ തൃപ്തിപ്പെടുത്തുന്ന ശൈലികളാണ് ഇന്നും അജപാലന ശുശ്രൂഷയില്‍ കണ്ടു വരുന്നത്. പുതിയ തലമുറയിലെ കുട്ടികളോടും യുവജനങ്ങളോടും സംവദിക്കുന്ന തരത്തിലുള്ള അജപാലന ശുശ്രൂഷയെ പുതു തലമുറ കാത്തിരിക്കുന്നു. ഇത് കുര്‍ബാന അര്‍പ്പണത്തില്‍ മാത്രം പോരാ, വചനപ്രഘോഷണത്തിലും, ഗാന ശുശ്രൂഷയിലും, സംഘാടനത്തിലും സര്‍വ്വോപരി ഇടവകയുടെ ഭരണ നിര്‍വ്വഹണത്തില്‍ ആകെ പ്രതിഫലിക്കേണ്ടതുണ്ട്.

സന്യസ്ത ജീവിതം ഇന്നും പ്രസക്തവും ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയും ആണ്. ജനങ്ങളുടെ രോദനങ്ങളും സങ്കടങ്ങളും ദൈവത്തിന്‍റെ കാതുകളില്‍ അധികമായി മുഴങ്ങുന്ന ഇക്കാലഘട്ടത്തില്‍ പണ്ടുള്ളതിനേക്കാള്‍ അധികമായി പ്രവാചകന്മാരെയും ശുശ്രൂഷകരെയും അയക്കാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട് . പക്ഷേ, സാമൂഹികമായ ബഹളങ്ങളുടെ നടുവില്‍ ദൈവത്തിന്‍റെ വിളി നാം കേള്‍ക്കുന്നില്ല.

ദൈവത്തെ നിരന്തരം വിളിച്ചപേക്ഷിക്കുന്ന നാം ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ നില്‍ക്കുന്ന സന്യസ്തരെയും വൈദികരെയും കുറിച്ച് പലപ്പോഴും ചിന്തിക്കാറില്ലെന്ന ഓര്‍മ്മ ചില നേരങ്ങളില്‍ ഒരു നൊമ്പരമാകാറുണ്ട്. സമുഹത്തിന്‍റെ കാഴ്ചപ്പാടില്‍ സമര്‍പ്പിത ജിവിതം ഉന്നതമായ ജീവിതാവസ്ഥയാണ്.

മാനുഷികതയില്‍ നിന്നും ഉയര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇവരില്‍ നിന്നും ലോകം പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ സമര്‍പ്പണ ജീവിതത്തിലൂടെ കടന്നു പോകുവരുടെ ഇടര്‍ച്ചകളോട് സമൂഹം കാണിക്കുന്ന കാര്‍ക്കശ്യം ചെറുതല്ല. എന്നാല്‍ സമര്‍പ്പിതരും മനുഷ്യരാണ് എന്നും നമ്മെ പോലെ തന്നെ ലോകത്തില്‍ ജിവിക്കുന്നവരാണ് എന്നും സമൂഹം മനസിലാക്കണം.

സാധാരണ കുടുംബങ്ങളില്‍ നിന്നും ദൈവവിളി സ്വീകരിച്ച് ഈശോയെ പിന്‍തുടരാന്‍ ഇറങ്ങി തിരിച്ചവരാണ് സമര്‍പ്പിതര്‍. ആയിരിക്കുന്ന അവസ്ഥയില്‍ വിശ്വസ്തതാപൂര്‍വ്വം നിലനില്‍ക്കുക എന്നത് എല്ലാവര്‍ക്കും ഒരുപോലെ ശ്രമകരമാണ്. തെറ്റുകളില്‍ നിന്നും കുറവുകളില്‍ നിന്നും നടന്നകലാന്‍ അവര്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന തന്നെ തുണ ആകട്ടെ.

സ്വന്തം വീടും നാടും ഉപേക്ഷിച്ച് നമുക്കുവേണ്ടി ജീവിക്കാന്‍ വന്നിരിക്കുന്ന സമര്‍പ്പിതര്‍ക്ക് നാം മാതാപിതാക്കളും, സഹോദരീസഹോദരന്‍മാരും, കുഞ്ഞുമക്കളും ആയി മാറാം. നമ്മുടെ കുടുംബത്തിലെ ഒരംഗമായി സ്വീകരിച്ചു അവരെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്

“ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു, ഒരേ ഒരുകാര്യം മാത്രം ഞാന്‍ തേടുന്നു,കര്‍ത്താവിന്‍റെ മാധുര്യം ആസ്വദിക്കാനും കര്‍ത്താവിന്‍റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെ ആലയത്തില്‍ വസിക്കാന്‍ തന്നെ….”(സങ്കിര്‍ത്തനം. 27:4)

എരിഞ്ഞമരുന്ന തീക്കനലിനു ചാരെ സ്നേഹത്തിന്‍റെ വിരുന്നൊരുക്കി കാത്തിരിക്കുന്നവനാണ് നമ്മുടെ ഗുരു. സ്വജീവിതം സ്നേഹമെന്ന വികാരത്തില്‍ അലിയിച്ചു ചേര്‍ത്ത അവിടുന്ന് നമ്മെയും ആ സ്നേഹത്തിന്‍റെ ആഴങ്ങളിലേയ്ക്ക് വിളിക്കുന്നു……….. അനേകര്‍ക്ക് സ്നേഹത്തിന്‍റെ കൂടാരമായിത്തിരാന്‍…………. അവിടുന്ന് നമ്മെയും വിളിക്കുന്നു…….

ആ വിളിക്കായി കാതോര്‍ക്കാം………………