വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളുടെ നാമകരണം ഒക്ടോബറില്‍

വത്തിക്കാന്‍സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കള്‍ വിശുദ്ധപദവിയിലേക്ക്. ഒക്ടോബര്‍ ആദ്യമാകും നാമകരണച്ചടങ്ങ്.ചെറുപുഷ്പം എന്നറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കള്‍ ലൂയി മാര്‍ട്ടിനും (1823-1894) മേരി അസേലി ഗ്വെറിനും (1831-1877) ആണ്. 2008-ല്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഇവരുടെ മധ്യസ്ഥതയിലുള്ള പുതിയ അദ്ഭുതത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ ബുധനാഴ്ച അംഗീകാരം നല്‍കി. ഒക്ടോബര്‍ നാലുമുതല്‍ 15 വരെ നടക്കുന്ന കുടുംബത്തെക്കുറിച്ചുള്ള സിനഡിനോടനുബന്ധിച്ചാകും നാമകരണം. കൃത്യ തീയതി ജൂണില്‍ കര്‍ദിനാള്‍മാരുടെ കണ്‍സിസ്ററിയില്‍ പ്രഖ്യാപിക്കും. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആന്‍ജലോ അമാതോ ബുധനാഴ്ച മാര്‍പാപ്പയെ സന്ദര്‍ശിച്ചാണ് നാമകരണത്തിനായുള്ള ഡിക്രിയില്‍ ഒപ്പുവാങ്ങിയത്.

സ്പെയിനിലെ വാലന്‍സിയയിലുള്ള കാര്‍മന്‍ എന്ന പെണ്‍കുട്ടിക്കു ലഭിച്ച രോഗശാന്തിയാണ് അദ്ഭുതമായി അംഗീകരിക്കപ്പെട്ടത്. മാസംതികയും മുമ്പ് ജനിച്ച ആ കുട്ടിക്ക് നിരവധി മാരകരോഗങ്ങളുണ്ടായിര്ുനനു. അതിനിടെ മസ്തിഷ്ക രക്തസ്രാവവും നേരിട്ടു. മാര്‍ട്ടിന്‍ ദമ്പതികളുടെ മധ്യസ്ഥതയ്ക്കായി കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥിച്ചു. കാര്‍മന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ ആരോഗ്യവതിയാണ്.

Loading...

ഇതാദ്യമായാണ് ഒരു വിശുദ്ധയുടെ മാതാപിതാക്കള്‍ നാമകരണം ചെയ്യപ്പെടുന്നത്. സഭയില്‍ കുടുംബത്തിന്റെയും മക്കളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെയും പങ്കിനെ ഊന്നിപ്പറയുന്നതാകും ഈ നാമകരണം.

1858-ല്‍ വിവാഹിതരായ ലൂയി മാര്‍ട്ടിനും മേരി ഗ്വെറിനും ഒന്‍പതു മക്കള്‍ ഉണ്ടായി. അഞ്ചു പെണ്‍കുട്ടികള്‍ സന്യസ്തരായി. നാലുപേര്‍ ചെറുപ്പത്തിലേ മരണമടഞ്ഞു. കാന്‍സര്‍ മൂലമാണ് 45-ാം വയസില്‍ മേരി ഗ്വെറിന്‍ മരിച്ചത്.അഗസ്റീനിയന്‍ സന്യാസിയാകാന്‍ ആഗ്രഹിച്ച ലൂയി മാര്‍ട്ടിന്‍ ലത്തീന്‍ അറിയാത്തതുകൊണ്ട് നിരാകരിക്കപ്പെട്ട ശേഷമാണ് വിവാഹജീവിതത്തിലേക്കു കടന്നത്. മേരി ഗ്വെറിന്റെ ശ്വാസതടസരോഗം കന്യാസ്ത്രീമഠത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാന്‍ കാരണമായി.