നികേഷ് കുമാറിനെ കുടുക്കിയ രേഷ്മ ലഖ്‌നി ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണര്‍ രേഷ്മ ലഖാനിയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും ചീഫ് എഡിറ്ററുമായ എം വി നികേഷ് കുമാറിനെ സേവനനികുതി കുടിശ്ശികയുടെ പേരില്‍ ജയിലില്‍ അടയ്ക്കാന്‍ ഒരുങ്ങിയ കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണര്‍ രേഷ്മ ലഖാനിയെ സോഷ്യല്‍ മീഡിയയിലെ താരമാക്കിയത് നികേഷ് കുമാര്‍ തന്നെയാണ്. തന്റെ അറസ്റ്റിന്റെ രാഷ്ട്രീയത്തെ കുറിച്ച് നികേഷ് കുമാര്‍ തന്നെ എഴുതിയ വിശദീകരണ കുറിപ്പാണ് ഒറ്റ ദിവസം കൊണ്ട് രേഷ്മ ലഖാനിയെ താരമാക്കിയത്.

കടുവയെ പടിച്ച പെണ്‍പുലിയുടെ പരിവേഷം നല്‍കി, രേഷ്മ ലഖാനിയെ പിന്തുണച്ചു കൊണ്ട് ആരാധകര്‍ ഫെയ്ബുക്ക് പേജ് വരെ തുടങ്ങിയിരിക്കുന്നു. പേജില്‍ പറയുന്നു
സര്‍ രേഷ്മ ലഖാനി, ഈ പേജ് താങ്കള്‍ക്കുള്ള പിന്തുണയാണ് . കേരളം മുഴുവന്‍ അങ്ങയുടെ കൂടെ ഉണ്ട്.

Loading...

1.45 കോടി രൂപയുടെ നികുതി കുടിശ്ശിക വരുത്തിയ മലയാള ചാനല്‍ മാധ്യമരംഗത്തെ കടുവയെ പടിച്ച പെണ്‍പുലിയുടെ പരിവേഷമാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ ലഖാനിക്ക് ചാര്‍ത്തിക്കൊടുത്തത്. എം വിനികേഷ്‌കുമാറിനെ അറസ്റ്റ് ചെയ്ത ശേഷം സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നാണ് നികേഷ് കുമാര്‍ വിശദീകരണ കുറിപ്പില്‍ പറഞ്ഞത്. തന്റെ ആവശ്യങ്ങള്‍ ലഖാനി നിരാകരിച്ചതായും നികേഷ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇവരുടെ ഫേസ്ബുക്ക് പേജിലേക്ക് നിരവധി പേര്‍ എത്തിനോക്കി. സധൈര്യം മോട്ടോര്‍ബൈക്ക് ഓടിക്കുന്ന ലഖാനിയുടെ ചിത്രങ്ങള്‍ കണ്ടതോടെ പലരും അവരുടെ ആരാധകരായി മാറികയും ചെയ്തു. ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സൈബര്‍ ലോകത്ത് വൈറലായി.

നികേഷിന്റെ ആവശ്യം അംഗീകരിക്കാതിരുന്ന കമ്മിഷണര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയാണ് എന്ന ലേബലാണ് സോഷ്യല്‍ മീഡിയ ലഖാനിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഒരു കോടിക്കു മുകളില്‍ കുടിശികയുള്ളവരായെണ് സെന്‍ട്രല്‍ എകസൈസ് തീരുമാനം. മുമ്പ് ഇങ്ങനെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീക്കളിയാകുമെന്ന് ഭയന്ന് മാധ്യമങ്ങളെ ഒഴിവാക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ ലഖാനി ആ പതിവ് തെറ്റിച്ചു. ഇതു കൂടിയായപ്പോള്‍ ലഖാനി ശരിക്കും താരമായി മാറുകയായിരുന്നു. ജമാലുദ്ദീന്‍ ഫറൂഖിയും എംവി നികേഷ് കുമാറുമെല്ലാം നികുതി കുടിശ്ശിക മണിക്കൂറുകള്‍ കൊണ്ട് അടച്ച് തീര്‍ത്തു. പ്രതിവര്‍ഷം ഏഴായിരം കോടിയോളം രൂപ നികുതിയിനത്തില്‍ കേന്ദ്രത്തിനു പിരിച്ചു നല്‍കുന്ന കൊച്ചി കമ്മിഷണറേറ്റിന്റെ അമരക്കാരി നികുതി വെട്ടിപ്പുകാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അറസ്റ്റ് ചെയ്തപ്പോള്‍ കമ്മീഷണരോട് സംസാരിക്കണമെന്ന് നികേഷ്‌കുമാര്‍ ആവശ്യപ്പെട്ടെങ്കിലും രേഷ്മ ലഖാനി അതിന് തയ്യാറായില്ലെന്ന് നികേഷ് തന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്. ഇത് അവരുടെ വിശ്വാസ്യത വര്‍ദ്ധിക്കാന്‍ സഹായകമായെന്നാണ് സെന്‍ട്രല്‍ എക്‌സൈസിലെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം.

സിവില്‍ സര്‍വീസ് എഴുതി ഐപിഎസ് നേടിയ ലഖാനി ഐപിഎസ് കൈവിട്ട് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെത്തുകയായിരുന്നു. 1989 ബാച്ചിലാണ് ലഖാനി സര്‍വ്വീസ് ആരംഭിക്കുന്നത്. ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് രേഷ്മ ലഖാനി സൈക്കോളജി ഗോള്‍ഡ് മെഡലോടെ പാസായത്. വൈകാതെ സ്‌റ്റേറ്റ് ബാങ്കില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. ജോലിക്കിടെ സായാഹ്‌ന കോഴ്‌സില്‍ ഫിലോസഫിയില്‍ പിജി നേടി. ഹിന്ദു ഫിലോസഫിയിലായിരുന്നു ബിരുദാനന്തര ബിരുദം. ഇതിനിടെയാണ് ഐപിഎസ് നേടിയത്.

അമ്മയുടെ ഉപദേശപ്രകാരമായിരുന്നു പൊലീസ് ജോലി സ്വീകരിക്കാതെ ഐപിഎസ് കൈവിട്ട് ഇന്ത്യന്‍ റവന്യൂ സര്‍വീസ് തെരഞ്ഞെുത്തത്. മുംബൈ കസ്റ്റംസ് ഹൗസില്‍ ഡപ്യൂട്ടി കമ്മിഷണറായിട്ടായിരുന്നു തുടക്കം. ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ ജോലി ചെയ്ത പരിചയത്തോടെയാണ് കൊച്ചിയിലെത്തിയത്. നേരത്തെ ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖിയുടെ അറസ്റ്റിന് നേതൃത്വം നല്‍കിയതും ലഖാനിയായിരുന്നു.

നിരവധി ഫോട്ടോകള്‍ ഇവര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ഓടിക്കുന്നതില്‍ തല്പരയായ രേഷ്മ ലഖാനി തന്റെ പ്രിയപ്പെട്ട ബുള്ളറ്റിനോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും തന്റെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബൈക്ക് ഓടിക്കാന്‍ പഠിക്കുന്ന കാലത്ത് സ്‌കൂട്ടിയായിരുന്നു രേഷ്മയുടെ ഇഷ്ടവാഹനം. പിന്നീടാണ് പുരുഷന്മാരുടേത് എന്ന് സമൂഹം വിലയിരുത്തിയ എന്‍ഫീല്‍ഡ് ബുള്ളറ്റുകളോട് പ്രണയം തുടങ്ങിയത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ബൈക്ക് ഓടിച്ച് പോയിരുന്നു. അന്ന് കൂട്ടുകാരില്‍ പലര്‍ക്കും ഇതിരൊ അത്ഭുതമായിരുന്നു എന്നാണ് രേഷ്മ പറയുന്നത്. കേരളത്തില്‍ നിന്നും ഗോവ വഴി മഹാരാഷ്ട്രയിലേക്ക് ബൈക്ക് ഓടിച്ചു പോകുക എന്ന മോഹവും കര്‍ക്കശക്കാരിയായ ഈ എക്‌സൈസ് കമ്മീഷണര്‍ മനസില്‍ സൂക്ഷിക്കുന്നുണ്ട്.