ഔഡിയുടെ ക്വാഡ്രോ ടെക്നോളജിയുടെ ക്യു ഡ്രൈവ് കൊച്ചിയില്‍ നടന്നു.

ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ഔഡിയുടെ ക്വാഡ്രോ ടെക്നോളജിയുടെ മികവ് ഉപഭോക്താക്കളെയും മാധ്യമപ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താനായി സംഘടിപ്പിച്ച ക്യു ഡ്രൈവ് കൊച്ചിയില്‍ നടന്നു. ക്യു 3 , ക്യു 5 , ക്യു 7 എന്നീ മോഡലുകള്‍ ക്യു ഡ്രൈവിന് ഉണ്ടായിരുന്നു.

പനങ്ങാട് സിന്തൈറ്റ് ഗ്രൗണ്ടില്‍ ഒരുക്കിയ അതിദുര്‍ഘട പാതയില്‍ ഔഡി എസ്‍യുവികള്‍ അവയുടെ ഓഫ് റോഡ് മികവ് പുറത്തെടുത്തു. ചെരിഞ്ഞ പ്രതലത്തിലും കുത്തനെയുള്ള കയറ്റത്തിലുമൊക്കെ അടിപതറാതെ ഔഡി എസ്‍യുവികള്‍ നീങ്ങുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. കാറിന്റെ യാത്രാസുഖവും കൈകാര്യക്ഷമതയുമുള്ള ഔഡി എസ്‍യുവികള്‍ ഓഫ് റോഡിലും അസാമാന്യ പ്രകടനം കാഴ്ചവച്ചു. പരുപരുത്ത പ്രതലത്തില്‍ കൂടി പോകുമ്പോളും എസ്‍യുവിയുടെ ഉള്ളില്‍ യാതൊരു ശബ്ദവും കേള്‍ക്കാനില്ല. അത്ര മികച്ച ഇന്‍സുലേഷനാണ് പാസഞ്ചര്‍ ക്യാബിന് നല്‍കിയിരിക്കുന്നത്.
വിദഗ്ധരായ ഡ്രൈവര്‍മാരുടെ മേല്‍നോട്ടത്തില്‍ ഏറെ സുരക്ഷയോടെയാണ് ക്യു ഡ്രൈവ് ഔഡി സംഘടിപ്പിച്ചത്. ക്യു ഡ്രൈവില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഔഡിയുടെ നാലു വീല്‍ ഡ്രൈവായ ക്വാഡ്രോയെപ്പറ്റി വാനോളം പുകഴ്‍ത്താനുണ്ടായിരുന്നു.

Loading...