വിവാഹം ചെയ്തിട്ട് പ്രേഷിതവേല ചെയ്യട്ടെ; സ്ത്രീക്കു ശരിക്കൊഴുകാൻ കഴിഞ്ഞില്ലെങ്കിൽ വഴിതെറ്റി ഒഴുകും: സിസ്റ്റർ ഡോ.ജെസ്മി

ദൈവം മാന്ത്രികനല്ലെന്നു പറയുന്ന മാര്‍പ്പാപ്പ സഭയിലെ യാഥാസ്ഥിതികരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ സ്വവർഗാനുരാഗ വിഷയമുൾപ്പെടെ മാർപാപ്പ മുന്നോട്ടുവച്ച നല്ല ആശയങ്ങൾ പലതും സഭ വോട്ടിനിട്ടു തള്ളി. പരിണാമ സിദ്ധാന്തംവരെ അംഗീകരിച്ച പാപ്പയുടെ ജീവിതം കാത്തുകൊള്ളണേയെന്ന് ഞാൻ എന്നും പ്രാർത്ഥിക്കും. സിസ്റ്റർ ഡോ.ജെസ്മി ഒരു പ്രധാന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

യഥാർത്ഥ്യങ്ങളറിയാവുന്നതിനാലാകം തന്റെ മുൻഗാമിയെപ്പോലെ ഒരു നാൾ റിട്ടയർ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അതേസമയം യാഥാസ്ഥിതികരുടെ വായടപ്പിക്കാനാവും പാപ്പ ഒരുപാട് വിശുദ്ധരെയും സൃഷ്ടിച്ചത്. സഭയ്ക്ക് പ്രശസ്തിയും ധാനാഗമമാർഗവുമാണത്. എന്നാൽ ദൈവം മാന്ത്രികനല്ലെന്നു പറഞ്ഞ പാപ്പ വിശുദ്ധരെ പ്രഖ്യാപിക്കുമെന്ന് ഞാൻ വ്യക്തിപരമായി കരുതിയിരുന്നില്ല. അദ്ദേഹത്തിന്റെ ശൈലിക്കനുസൃതമാണെങ്കിൽ എല്ലാവരും വിശുദ്ധരാണെന്നല്ലേ പറയേണ്ടിയിരുന്നത്.

Loading...

അതുപോലെ ഈയിടെ പീഡനത്തിനിരയായ കന്യാസ്ത്രീക്ക് 12 ലക്ഷം നൽകിയത് സഭയുടെ ഔദാര്യമാണെന്നാണ് സഭാ വക്താവ് പറഞ്ഞത്. ഒരിക്കലും അത് ഔദാര്യമല്ല. സഭ വിട്ടിറങ്ങുന്ന സിസ്റ്റർക്ക് ജീവിതത്തിനാവശ്യമായ വക നൽകണമെന്ന് നിഷ്കർഷയുണ്ട്. ഇനി ഇറങ്ങുന്നവർക്കും അത് കിട്ടട്ടെ. എട്ടു കൊല്ലം സേവനമനുഷ്ഠിച്ചതിന് 12 ലക്ഷം നൽകി. അപ്പോൾ 33 വർഷം സേവനമനുഷ്ഠിച്ച എനിക്കെന്തു തരും. പക്ഷേ ഒരു കാര്യം. 12 ലക്ഷം കൊടുത്ത സിസ്റ്ററോട് ഒന്നും മിണ്ടിപ്പോകരുതെന്ന് സഭ പറഞ്ഞിട്ടുണ്ട്. ആ വിലക്കിനാണ് പണം. മിണ്ടാതിരിക്കാനുള്ള പണം. ആ പണം എനിക്കെന്തായാലും വേണ്ട.

സഭയ്ക്കുള്ളിൽ ലൈംഗിക അരാജകത്വം വർദ്ധിക്കുന്നു. ഏറ്റവുമൊടുവിൽ എറണാകുളം ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു വൈദികൻ ഒളിവിലാണ്. ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഒരു ഉത്തരമേയുള്ളു. കെട്ടിയിടുന്ന പട്ടി പേപ്പട്ടിയായാൽ കൈയിൽ കിട്ടിയതിനെയൊക്കെ കടിക്കുന്നത് സ്വാഭാവികമാണ്. പോംവഴി ഒന്നേയുള്ളൂ. ആഗ്രഹമുള്ളവരെയെല്ലാം വിവാഹിതരാകാൻ അനുവദിക്കുക. കന്യാസ്ത്രീയേയും വൈദികരേയുമെല്ലാം. വിവാഹം ചെയ്തിട്ട് പ്രേഷിതവേല ചെയ്യട്ടെ. സന്യാസ രീതിയിൽ ആത്മനിയന്ത്രണമുള്ളവർ അങ്ങനെയും തുടരടട്ടെ.സഭ വൈവാഹിക ജീവിതം അനുവദിക്കണം.കന്യാസ്ത്രീകളാവാൻ ആളെക്കിട്ടാത്തതിന് പല കാരണങ്ങളുണ്ട്. അഭയകേസിലെ നാർക്കോ പരിശോധനയെക്കുറിച്ചറിഞ്ഞ ഏതെങ്കിലും ഒരച്ഛൻ മകളെ അയക്കുമോ? സഹോദരൻ പെങ്ങളെ അയക്കുമോ? അക്കാര്യത്തിൽ സഭയുടെ വാദങ്ങൾ പൊളിഞ്ഞില്ലേ? രണ്ടാമത്തെകാര്യം എന്റെ “ആമേൻ” പുസ്തകമിറങ്ങിയപ്പോൾ പോൾ തേലക്കാട്ട് എന്നോടു ചോദിച്ച ഒരു ചോദ്യമുണ്ട്. ” ഇങ്ങനെയൊക്കെ പൊളിച്ചെഴുതിയാൽ കന്യാസ്ത്രീകളുടെ എണ്ണം കുറയില്ലെയെന്ന്”. എണ്ണമാണോ, ഗുണമാണോ വേണ്ടെതെന്ന ചോദ്യമാണ് ഞാൻ തിരിച്ചുചോദിച്ചത്. മൂന്നാമത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. ജീവിതം സമർപ്പിക്കുന്ന വ്യക്തിക്ക് ശ്വസിക്കാനുള്ള ഇടമില്ല. നന്മചെയ്യാനുള്ള സ്വാതന്ത്ര്യം കൂടി ഹനിക്കപ്പെടുന്നു. അപ്പോൾ സ്വാതന്ത്ര്യം ത്യജിച്ചുപോകുന്നവരുടെ എണ്ണം കുറഞ്ഞു. അരൂപി നഷ്ടപ്പെട്ടയിടത്തേക്ക് സന്യാസം ആഗ്രഹിക്കുന്നവർ എങ്ങനെ പോകും.

ഞാന്‍ സഭ വിട്ടിറങ്ങിയതുകൊണ്ട് നേരിട്ടുള്ള എതിർപ്പ് കുറഞ്ഞു. പക്ഷേ പ്രത്യക്ഷമായിട്ടുള്ളഎതിർപ്പുകൂടി. തൃശ്ശൂർ ആകാശവാണിയിൽ ‘ സുഭാഷിതം” അവതരിപ്പിച്ചിരുന്നു. സിസ്റ്റർ ജസ്മി എന്നു വയ്ക്കാൻ പാടില്ല. ഡോ. ജസ്മി എന്നേ പറയാനാകൂയെന്ന് നിർബന്ധമുണ്ടായിരുന്നു. സഭ വിട്ടിറങ്ങുന്നതിന് ഒരു വർഷം മുൻപേ ഗസറ്റിൽ എന്റെ പേര് സിസ്റ്റർ ജെസ്മി എന്നാക്കിയിരുന്നു. മെയ്മി റാഫേൽ എന്ന് എനിക്കിനി വയ്ക്കാൻ കഴിയില്ല. ആദ്യം പേര് ഒഴിവാക്കിയവർ എന്റെ നിർബന്ധപ്രകാരം ഡോ. ജെസ്മി എന്നു റീറിക്കാർഡ് ചെയ്യിച്ചു. പക്ഷേ എന്നെ പിന്നീട് വിളിച്ചില്ല. കാലിക്കറ്റ് സർവകലാശാലയിൽ റിസോഴ്സ് പേഴ്സണായിരുന്നു. ഇപ്പോൾ വിളിക്കാറില്ല. സഭയുടെ സ്വാധീനമുള്ളയിടങ്ങളിലൊക്കെ എതിർപ്പുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ പത്രം അവരുടെ തൃശ്ശൂർ എഡിഷനിൽ എന്റെ പേരുപോലും അച്ചടിക്കാറില്ല. പക്ഷേ ജനാംഗീകാരം കൂടിയിട്ടേയുള്ളൂ. ആമേൻ 22 എഡിഷനായി. അഞ്ചാമത്തെ പുസ്തകം ‘ഇന്നിന്റെ നേർക്കാഴ്ച” ഉടനിറങ്ങും. ക്രൈസ്തവർക്ക് വിവാഹം അല്ലെങ്കിൽ സന്യാസം എന്നീ രണ്ടു പാതകളെ ഉണ്ടായിരുന്നുള്ളൂ. ഒരു മൂന്നാം പാത ഞാൻ തുറന്നു. സന്യാസത്തിനും വിവാഹത്തിനും തലവച്ചുകൊടുക്കാതെ ജീവിക്കാം. ജീവിക്കാനുള്ള പണവും മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള ധൈര്യവുമുള്ളവർക്ക് മൂന്നാം പാത സ്വീകരിക്കാം. അസൂയാവഹമായ ആനന്ദം ഇപ്പോൾ അനുഭവിക്കുന്നു. താപസവും സൗന്ദര്യാത്മകതയും ചേർന്നാണ് ആത്മീയത. ഞാനതറിയുന്നുണ്ട്.

സരിതാവിഷയത്തില്‍ ഏതു പൂച്ചക്കുട്ടിക്കും അറിയാം കോഴകൊടുത്തിട്ടുണ്ടെന്ന്. കേരളത്തിലെ ജനങ്ങൾക്ക് അക്കാര്യത്തിൽ സംശയമൊന്നുമില്ല. വിവാദങ്ങൾ മാറ്റി നിറുത്തി ചിന്തിച്ചാൽ സരിത എത്ര കഴിവുള്ള സ്ത്രീയാണ്. പക്ഷേ സ്ത്രീക്കു ശരിക്കൊഴുകാൻ കഴിഞ്ഞില്ലെങ്കിൽ വഴിതെറ്റി ഒഴുകും. സ്ത്രീകളെ ശരിയായ വഴിയിൽ തിരിച്ചുവിടേണ്ട കടമ സമൂഹത്തിനുണ്ട്. സമൂഹം അതു ചെയ്തില്ലെങ്കിൽ അതൊരു വിപത്തായി മാറും.