വിശുദ്ധ. അന്തോനീസിന്റെ തിരുശേഷിപ്പ് സോമർസെറ്റ് സെൻറ്‌. തോമസ് സീറോ മലബാർ ദേവാലയത്തിൽ പൊതു വണക്കത്തിനായി ഒക്ടോബർ 12-ന്

ന്യൂജേഴ്‌സി : ഇറ്റലിയിലെ പാദുവ ബസിലിക്കയിൽ പൂജ്യമായി സൂക്ഷിച്ചിരിക്കുന്നതും, എണ്ണൂറിലധികം വര്‍ഷം പഴക്കമുള്ളതുമായ, അത്ഭുത പ്രവര്‍ത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പ് ന്യൂ ജേഷ്‌സിയിലെ സോമർസെറ്റ് സെൻറ്‌. തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ പൊതുവണക്കത്തിനായി കൊണ്ടുവരുന്നു.

വരുന്ന ഒക്ടോബർ 12 വെള്ളിയാഴ്ച യാണ് തിരുശേഷിപ്പ് ദൈവാലയത്തിൽ എത്തുന്നത് എന്ന് വികാരി ബഹു.ലിഗോറി ഫിലിപ്സ് കാട്ടിയാകാരൻ അറിയിച്ചു.

Loading...

ഫ്രാൻസിസ്കൻ സന്യാസിമാരാണ് ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ നടത്തുന്നത്. ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽപ്പെടുന്ന വിശുദ്ധന്റെ വാരി എല്ലിന്റെ ഭാഗം, കവിളിന്റെ സ്കിൻ എന്നിവയാണ് അമൂല്യമായ തിരുശേഷിപ്പിൽപ്പെടുന്നത്.

അർജന്റീനിയൻ തലസ്ഥാനമായ ബ്യൂനസ് എയേഴ്‌സിലെ മെട്രോപൊളിറ്റീന കത്തീഡ്രലിൽ 2000 ഏപ്രിൽ 30-ന് കുർബാനയ്ക്ക് ശേഷം, അന്നത്തെ ആർച്ച് ബിഷപ്പ് ബെർഗോഗ്ലിയോ വിശ്വാസികളെ അനുഗ്രഹിക്കാൻ ഇതേ തിരുശേഷിപ്പ് അടങ്ങുന്ന പേടകം തന്നെയാണ് ഉപയോഗിച്ചിരുന്നത്.

മുമ്പ് 1995 ജനുവരിയിൽ പോർച്ചുഗലിലെ കോയിമ്പ്രയിൽ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനത്ത് എത്തിച്ചപ്പോൾ ഫാത്തിമയിലെ സിസ്റ്റർ ലൂസിയ ചുംബിച്ചതും ഇതേ തിരുശേഷിപ്പ് തന്നെയാണ്.

2018 ഒക്ടോബർ 12 ന് വെള്ളിയാഴ്ച വൈകുന്നേരം 03:00 മുതൽ 9:00 മണിവരെ തിരുശേഷിപ്പ് ഇടവകാംഗങ്ങളുടെയും മറ്റു തീര്‍ത്ഥാടകരുടെയും പൊതുവണക്കത്തിനായി സോമർസെറ്റ് ദൈവാലയത്തിൽ ഉണ്ടായിരിക്കും. പൊതുവണക്കത്തോടനുബന്ധിച്ച് പ്രസ്തുത ദിനത്തിൽ വിവിധ നിയോഗങ്ങളെ സമര്‍പ്പിച്ചു കൊണ്ട് വി. അന്തോനീസിന്റെ നൊവേനയും ആഘോഷമായ പരിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

മെസഞ്ചർ ഓഫ് സെന്റ് ആന്റണി മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്റർ ഫാദർ മരിയോ കോണ്ടെ ആണ് ഒക്ടോബർ നാലു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ തിരുശേഷിപ്പുകൾ അമേരിക്കയിൽ വിവിധ ദേവാലയങ്ങളിൽ എത്തിക്കുന്നത്.

1995 മുതൽ അന്തോണീസ് പുണ്യാളന്റെ തിരുശേഷിപ്പ് ലോകമെങ്ങും എത്തിക്കുന്നതിനായി അക്ഷീണ പരിശ്രമം നടത്തി വരുന്ന ഫാ. മരിയോ വൈദിക പഠനത്തിന് ചേർന്നുകൊണ്ട് 1976 ഒക്ടോബറിലാണ് കൺവെഞ്ച്വൽ ഫ്രാൻസിസ്‌കൻ സഭയിൽ എത്തുന്നത്. 1984 ഡിസംബർ 22-ന് അേേദ്ദഹം വൈദികനായി അഭിഷിക്തനായി. തുടർന്ന് 1982 മുതൽ 1988 വരെ പാദുവയിലെ നൊവേന്റയിലുള്ള സെന്റ് ആന്റണീസ് ഗ്രാമത്തിലെ അനാഥർക്കും വഴിതെറ്റിയ യുവാക്കൾക്കും ഇടയിൽ പ്രവർത്തിച്ചുവരുന്നു.

വി. അന്തോണീസ് പുണ്യാളന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും, വിശുദ്ധന്റെ നൊവേനയിലും ആഘോഷമായ ദിവ്യബലിയിലും ഭക്തിപൂർവ്വം പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും, ട്രസ്റ്റിമാരും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978-9828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 912-6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 762-6744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 391-8461.

വെബ് :www.stthomassyronj.org