ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിസാന്ദ്രമായ ഓശാന തിരുനാള്‍

ഷിക്കാഗോ: മഹത്വപൂര്‍ണ്ണനും വിനയാന്വിതനുമായി യേശുക്രിസ്തു കഴുതപ്പുറമേറി ജറുസലേം ദേവാലയത്തിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ഓശാന തിരുനാള്‍ ആചരണത്തോടെ ഷിക്കാഗോ സീറോ മലബാര്‍ ദേവാലയത്തില്‍ പീഡാനുഭവ വാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി.

രാവിലെ 10 മണിക്ക് പാരീഷ് ഹാളില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിനോടൊപ്പം മുരിങ്ങൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ വി.സി, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ കാര്‍മികരായി.

Loading...

തുടര്‍ന്ന് കുരുത്തോലകളുമേന്തി വിശ്വാസി സമൂഹമൊന്നാകെ പ്രദക്ഷിണമായി ഭക്ത്യാദരപൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിച്ചു. വാര്‍ഷിക ധ്യാനത്തില്‍ വചനശുശ്രൂഷ നടത്തിയ ഫാ. മാത്യു ഇലവുങ്കല്‍ തന്റെ സന്ദേശത്തില്‍ തെരഞ്ഞെടുക്കപ്പെടലിന്റെ അര്‍ത്ഥം മനസിലാക്കി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉത്‌ബോധിപ്പിച്ചു. കര്‍ത്താവിന് ഏവരേയുംപ്രതി കൃത്യമായ പദ്ധതികള്‍ ഉണ്ടെന്നും അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കാനും അച്ചന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് പരമ്പരാഗത രീതിയിലുള്ള തമുക്ക് നേര്‍ച്ചയും ഉണ്ടായിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.