യെമെനില്‍ തടവിലായ സല്‍മാന്റെ കുടുംബത്തിന്റെ സംരക്ഷണം ഇന്ത്യന്‍ എംബസ്സി ഏറ്റെടുത്തു

റിയാദ്: സംഘര്‍ഷബാധിതമായ യമനിലെ സന്‍ആയില്‍നിന്ന് രണ്ടാഴ്ച മുമ്പ് ഹൂതി തീവ്രവാദികളുടെ പിടിയിലായ മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി നാലകത്ത് സല്‍മാനെ (43) മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. നിരാലംബരായ സല്‍മാന്‍െറ അഞ്ചു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ബുധനാഴ്ച സന്‍ആയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചു. ഭാര്യ ഖമറുന്നിസ, മക്കളായ ദാവൂദ്, അബ്ദുല്ല, ഫാത്വിമ, അബ്ദുറഹ്മാന്‍ എന്നിവരുടെയും ഇളയ കൈക്കുഞ്ഞിന്‍േറയും സംരക്ഷണം എംബസി ഏറ്റെടുത്തതായും റിയാദിലുള്ള സല്‍മാന്‍െറ സഹോദരന്‍ മുഅ്മിന്‍ മാധ്യമങ്ങളോട് അറിയിച്ചു.

ഹൂതികളുടെ തടവില്‍ കഴിയുന്ന പിതാവിനെ കുട്ടികള്‍ ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു. തീവ്രവാദികളുടെ ബന്ദിയായി കഴിയുകയാണെങ്കിലും സഹോദരന്‍ സുരക്ഷിതനാണെന്നാണ് ലഭിക്കുന്ന വിവരമെന്നും ജ്യേഷ്ഠ സഹോദരനായ മുഅ്മിന്‍ പറഞ്ഞു. സൗദി സഖ്യസേനയുടെ സൈനിക നടപടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സന്‍ആയിലെ ദാറുല്‍ ഹദീസ് കോളജില്‍ പഠിതാവായ സല്‍മാനെ മറ്റ് വിദ്യാര്‍ഥികളോടൊപ്പം ഹൂതികള്‍ തട്ടിക്കൊണ്ടുപോയത്. ഒരു വിഭാഗം വിദ്യാര്‍ഥികളെ പിന്നീട് വിട്ടയച്ചെങ്കിലും സല്‍മാനടക്കമുള്ളവരുടെ കാര്യത്തില്‍ ഹൂതികളുടെ നീക്കം അറിവായിട്ടില്ല.

Loading...

അരീക്കോട് സുല്ലമുസ്സലാം കോളജിലും മുറാദാബാദിലെ അറബിക് കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സല്‍മാന്‍ കര്‍ക്കശ മതനിഷ്ഠ വീക്ഷണക്കാരനായി മാറിയ ശേഷം 2007ലാണ് ഭാര്യയും രണ്ടുമക്കളുമായി യമനില്‍ മതപഠനത്തിന് എത്തുന്നത്. ആദ്യം ദമാജിലെ ദാറുല്‍ ഹദീസ് കോളജിലായിരുന്നു. കഴിഞ്ഞവര്‍ഷമാണ് സന്‍അയിലെ കോളജിലേക്ക് മാറിയത്. യമനിലെ ജീവിതത്തിനിടയില്‍ മൂന്ന് കുട്ടികള്‍ കൂടി ഉണ്ടായി. യമനിലത്തെിയ ശേഷം നാട്ടില്‍ പോയിട്ടില്ല. യമനില്‍ വെച്ച് ജനിച്ച കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് കിട്ടാന്‍ വൈകിയതാണ് യാത്ര നീളാന്‍ കാരണമായതെന്നും സഹോദരന്‍ മുഅ്മിന്‍ പറഞ്ഞു.

യമനിലേക്ക് വരുന്നതിന് മുമ്പ് നാട്ടില്‍ കുറച്ചുകാലം ബിസിനസ് നടത്തിയിരുന്ന സല്‍മാന്‍ രണ്ടുവര്‍ഷം ഖത്തറിലും ജോലി ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ സല്‍മാനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും ഹൂതികള്‍ ഫ്ളാറ്റില്‍ കയറി പിടിച്ചുകൊണ്ടുപോയ വിവരമറിഞ്ഞയുടന്‍ യമനിലെ ഇന്ത്യന്‍ എംബസിക്ക് സഹായം തേടി താന്‍ കത്തയക്കുകയും മറുപടി ലഭിക്കുകയും ചെയ്തിരുന്നതായും റിയാദ് വികസന അതോറിറ്റിയില്‍ ബ്രിട്ടീഷ് ടെലികോം കമ്പനിയുടെ കരാറിന്‍ കീഴില്‍ ഉദ്യോഗസ്ഥനായ മുഅ്മിന്‍ പറഞ്ഞു.
എംബസി ഊര്‍ജിതമായി ശ്രമിച്ചാല്‍ സല്‍മാനെ രക്ഷപ്പെടുത്താനാകുമെന്നാണ് കരുതുന്നതെന്നും മുഅ്മിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ സല്‍മാനെ രക്ഷപ്പെടുത്താന്‍ സൗദിയിലെ ഇന്ത്യന്‍ മിഷനും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ലഭിച്ച വിവരം. മുഅ്മിനെ കൂടാതെ ബഷാര്‍, ഫാത്വിമ നുമൈറ എന്നീ സഹോദരങ്ങളും സല്‍മാനുണ്ട്. അബ്ദുറഹ്മാന്‍, ആസിയ എന്നിവരാണ് മാതാപിതാക്കള്‍.