കുവൈറ്റില്‍ പുതിയ വിസ നിയമങ്ങള്‍ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും തടയുക എന്ന ലക്ഷ്യത്തോടെ പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തിലായി. രാജ്യത്തേക്ക് പുതിയ വിസ അനുവദിക്കാന്‍ 250 ദിനാര്‍ ബാങ്ക് ഗാരന്‍റി കെട്ടിവെക്കണമെന്ന നിയമം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ മേന്‍പവര്‍ ഡയറക്ടര്‍ ജമാല്‍ അദ്ദൂസരി അറിയിച്ചു. ബാങ്ക് ഗാരന്‍റി കെട്ടിവെച്ചാല്‍ മാത്രമേ ഇനിമുതല്‍ പുതിയ വിസയില്‍ വര്‍ക് പെര്‍മിറ്റ് അനുവദിക്കൂ.

250 ദിനാര്‍ ബാങ്ക് ഗാരന്‍റി കെട്ടിവെക്കാന്‍ തൊഴിലുടമകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് അദ്ദൂസരി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളിക്കും തൊഴിലുടമക്കുമിടയിലുള്ള വിസാ പ്രശ്നങ്ങള്‍ തടയാനുമാണ് ബാങ്ക് ഗാരന്‍റി നിര്‍ബന്ധമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാന്‍പവര്‍ അതോറിറ്റി ഉന്നത ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബദ്രിയ മഖി, അല്‍അസ്ഹരി ഫൗസി എന്നിവരോടൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദൂസരി.

Loading...

രാജ്യത്തേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരാനുള്ള നിയന്ത്രണം എടുത്തുകളയുന്നതിന്‍െറ ഭാഗമായാണ് ബാങ്ക് ഗാരന്‍റി ഏര്‍പ്പെടുത്തുന്നത്. വിദേശ തൊഴിലാളികള്‍ ഒളിച്ചോടുന്ന കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക ഇലക്ട്രോണിക് സംവിധാനങ്ങളും തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും തൊഴിലാളി ഒളിച്ചോടി എന്ന കേസ് തൊഴിലുടമ രജിസ്റ്റര്‍ ചെയ്താല്‍ ഇതുവഴി തൊഴിലാളികള്‍ക്ക് അറിയാനാവും.
ചില തൊഴിലുടമകള്‍ തൊഴിലാളികള്‍ ഒളിച്ചോടി എന്ന വ്യാജ പരാതികള്‍ നല്‍കുന്നതായി തൊഴില്‍ മന്ത്രാലയം കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഒളിച്ചോടിയ വിവരം തൊഴിലുടമകള്‍ രജിസ്റ്റര്‍ ചെയ്താല്‍ തൊഴില്‍ മന്ത്രാലയം തൊഴിലാളികളെ പുതിയ സംവിധാനം വഴി അറിയിക്കും.

പ്രശ്നപരിഹാരത്തിന് തൊഴിലാളിക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം. എന്നാല്‍, ഒളിച്ചോടിയ കേസ് ഇലക്ട്രോണിക് സംവിധാനം വഴി പരസ്യംചെയ്ത് മൂന്നു മാസത്തിനു മുമ്പ് തൊഴിലാളി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചില്ളെങ്കില്‍ തൊഴിലാളിക്കെതിരെ നടപടിയെടുക്കാന്‍ തൊഴിലുടമക്ക് ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കാം.