ഏഴ്‌ കുട്ടികള്‍ ഉള്‍പ്പെടെ എട്ട്‌ പേര്‍ വിഷ വാതകം ശ്വസിച്ചു മരിച്ചു

മേരിലാന്റ്‌: ഒരു വീട്ടിലെ ആറ്‌ വയസ്‌ മുതല്‍ 15 വയസ്‌ വരെ പ്രായമുളള ഏഴ്‌ കുട്ടികളും പിതാവും ഉള്‍പ്പെടെ എട്ട്‌ പേര്‌ കാര്‍ബണ്‍ മോണോക്‌സൈഡ്‌ വിഷവാതകം ശ്വസിച്ച്‌ മരിച്ചതായി മിഡ്‌ലാന്റ്‌ പൊലീസ്‌ ചീഫ്‌ സ്‌കോട്ട്‌ കെല്ലര്‍ നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി.

വീട്ടിലേക്കുളള വൈദ്യുതി ബന്ധം വൈദ്യുതി കമ്പനി വിച്‌ഛേദിച്ചതിനെ തുടര്‍ന്ന്‌ തണുപ്പില്‍ നിന്നും രക്ഷ നേടുന്നതിന്‌ വീട്ടില്‍ ഉപയോഗിച്ചിരുന്ന ജനറേറ്ററില്‍ നിന്നാണ്‌ വിഷവാതകം പുറത്ത്‌ വന്നതെന്നും ഇത്‌ ശ്വസിച്ചതാകാം മരണകാരണമെന്നും പൊലീസ്‌ ചീഫ്‌ പറഞ്ഞു. സോമര്‍ സെറ്റ്‌ കൌണ്ടി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്‌ മരിച്ച 7 കുട്ടികളും.

Loading...

വിഷ വാതകം ശ്വസിച്ചു മരണ മടഞ്ഞ മുതിര്‍ന്ന വ്യക്‌തി ജോലിക്ക്‌ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്‌ സഹപ്രവര്‍ത്തകന്‍ പൊലീസില്‍ അറിയിച്ചു. പൊലീസ്‌ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ്‌ എട്ട്‌ മൃതദേഹങ്ങള്‍ വീട്ടിനകത്ത്‌ കണ്ടെത്തിയത്‌.

2014 മുതല്‍ മേരിലാന്റ്‌ യൂണിവേഴ്സിറ്റി ഡൈനിങ്‌ സര്‍വ്വീസിലെ ജീവനക്കാരനായിരുന്ന മരിച്ച വ്യക്‌തിയെന്ന്‌ സൂപ്പര്‍ വൈസര്‍ പറഞ്ഞു.

കാര്‍ബണ്‍ മോണോക്‌സൈഡ്‌ ശ്വസിച്ചുളള മരണം വര്‍ദ്ധിച്ചുവരുന്നതായി സെന്റേഴ്സ്‌ ഫോര്‍ ഡീസിസ്‌ കണ്‍ട്രോള്‍ ആന്റ്‌ പ്രിവന്‍ഷന്‍ അധികൃതര്‍ പറഞ്ഞു. ഓരോ വര്‍ഷവും 430 മരണങ്ങള്‍ നടക്കുന്നതായും ഇവര്‍ അറിയിച്ചു.