യോങ്കേഴ്സ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ ആഘോഷിച്ചു

ന്യൂയോര്‍ക്ക്‌: യോങ്കേഴ്സ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തിലെ ഉയിര്‍പ്പു പെരുന്നാള്‍ എല്ലാ വിശ്വാസികള്‍ക്കും അനുഗ്രഹപ്രദമായി. ഏപ്രില്‍ 5-ാം തിയ്യതി ഞായറാഴ്‌ച വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ആഘോഷങ്ങള്‍ നടന്നത്‌. ഏകദേശം 450-ല്‍പരം വിശ്വാസികള്‍ പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിച്ചു. 50 ദിവസത്തെ ഉപവാസത്തിനുശേഷം വിശ്വാസികള്‍ വി. കുമ്പസാരം നടത്തി വി. കുര്‍ബ്ബാന അനുഭവിച്ചു.
മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്നും മോചിപ്പിച്ച്‌ മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്‌മരണകളുയര്‍ത്തുന്ന ഉയിര്‍പ്പു പെരുന്നാള്‍ വിശ്വാസികള്‍ ഭക്തിപുരസ്സരം ആഘോഷിച്ചു.
പ്രത്യാശയുടെ പൊന്‍പ്രഭ വിതറി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അലകള്‍ മനുഷ്യമനസിലുണര്‍ത്തിയാണ് ഉയിര്‍പ്പുതിരുനാള്‍ സമാഗതമാകുന്നതെന്നും, നോമ്പുകാലത്തിന്റെ വ്രതചര്യകളില്‍നിന്നും ദുഃഖവെള്ളിയുടെ ശോകമൂകതയില്‍നിന്നും ഉയിര്‍പ്പു ഞായറിന്റെ സന്തോഷത്തിലേക്കു പ്രവേശിക്കുന്ന അവസരമാണ് 2000-ല്‍‌പരം വര്‍ഷങ്ങളായി ലോകം ആഘോഷിക്കുന്നതെന്നും   വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ തന്റെ  ഈസ്റര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
സെക്രട്ടറി തോമസ് മാത്യു, ട്രഷറര്‍ ജോണ്‍ ഐസക്ക് എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കി.
പി.ആര്‍.ഒ. കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.