സഹപ്രവര്‍ത്തകരുടെ എ.ടി.എം. കാര്‍ഡുകള്‍ മോഷ്‌ടിച്ച്‌ പണം പിന്‍വലിച്ച രണ്ട്‌ ഇന്ത്യക്കാര്‍ക്ക്‌ തടവ്‌

ദോഹ: സഹപ്രവര്‍ത്തകരുടെ എ.ടി.എം. കാര്‍ഡുകള്‍ മോഷ്‌ടിച്ച്‌ പണം പിന്‍വലിച്ച കുറ്റത്തിന്‌ രണ്ട് ഇന്ത്യക്കാര്‍ക്ക്‌ ദോഹയില്‍ തടവുശിക്ഷ. കമ്പനി അക്കോമഡേഷനില്‍ ഒന്നിച്ചു താമസിക്കുന്ന നാലുപേരുടെ കാര്‍ഡുകളാണ്‌ പ്രതികള്‍ മോഷ്‌ടിച്ചത്‌. അക്കൗണ്ടില്‍ നിന്ന്‌ 6,700 റിയാല്‍ പിന്‍വലിക്കുകയും ചെയ്‌തു. സേഫില്‍ നിന്ന്‌ കാര്‍ഡ്‌ മോഷ്‌ടിക്കപ്പെട്ട കാര്യം ഇരകള്‍ റാസ്‌ലഫാന്‍ പോലിസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ എ.ടി.എം. കൗണ്ടറിലെ കാമറയില്‍ നടത്തിയ പരിശോധനയിലാണ്‌ പ്രതികള്‍ ആരെന്നു വ്യക്‌തമായത്‌. പിന്‍വലിച്ച തുകയില്‍ നിന്ന്‌ 5000 റിയാല്‍ ഇവര്‍ നാട്ടിലേയ്‌ക്ക് അതിനോടകം കടത്തിയിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ ഇരുവരെയും നാടു കടത്തും.