ബ്രിട്ടന്റെ നിര്‍ബന്ധം; ജനനതീയതി ഉള്‍പ്പെടുത്തിയ പുതിയ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും

പുണെ: വിദേശയാത്രികര്‍ക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം. രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ഇത് ലഭ്യമായിത്തുടങ്ങും.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം സംബന്ധിച്ച്‌ ബ്രിട്ടണും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ജനനതീയതി കൂടി ഉള്‍പ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര യാത്രികര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം വാക്സിന്‍ സ്വീകരിച്ചയാളുടെ ജനനതീയതി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന യുകെയുടെ നിലപാടനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Loading...

നിലവില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പേര്, പ്രായം, ലിംഗം, റഫറന്‍സ് ഐഡി, വാക്സിന്റെ പേര്, ഡോസ് സ്വീകരിച്ച തീയതി, ആദ്യ ഡോസിന്റെ തീയതി, വാക്സിന്‍ നല്‍കിയ ആളുടെ പേര്, വാക്സിനേഷന്‍ കേന്ദ്രത്തിന്റെ പേര്, നഗരം,സംസ്ഥാനം എന്നിവയാണുള്ളത്. ഇതിനൊപ്പം വാക്സിന്‍ സ്വീകരിച്ച ആളുടെ ജനന തീയതി കൂടി, ദിവസം-മാസം-വര്‍ഷം എന്ന ക്രമത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വിദേശ യാത്ര നടത്തേണ്ടവര്‍ക്കുവേണ്ടി മാത്രമാണ് ജനന തീയതി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്, നിലവില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഒരു മാറ്റവും വരുത്തേണ്ട ആവശ്യമില്ലെന്നും അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ളതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശ യാത്ര നടത്തേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ ജനന തീയതി കൂടി ചേര്‍ത്ത ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ, വന്‍ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ഇന്ത്യയുടെ കൊവിഷീല്‍ഡിന് ബ്രിട്ടന്‍ അംഗീകാരം നല്‍കിയത്. ഇരട്ടത്താപ്പിനും വിവേചനത്തിനും എതിരെ ഇന്ത്യ അതേ നാണയത്തില്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ബ്രിട്ടണ്‍ അയഞ്ഞതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യ നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യക്കാര്‍ ക്വാറന്റൈനില്‍ തുടരേണ്ടി വരും. ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.

യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

നേരത്തെ, അസ്ട്ര സെനക വാക്സിന്‍ അംഗീകരിക്കുകയും അതിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡ് അംഗീകരിക്കാതിരിക്കുകയും ചെയ്ത ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. കൊവിഷീല്‍ഡ് രണ്ടു ഡോസും കുത്തിവച്ച്‌ ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ, വാക്സിനേറ്റ് ചെയ്യാത്തവരായി കണക്കാക്കി പത്തു ദിവസം ക്വാറന്റൈനിലാക്കാനായിരുന്നു തീരുമാനം. ഇതു മാറ്റിയില്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യയും നിര്‍ബന്ധിതമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്നലെ ബ്രിട്ടനെ അറിയിച്ചിരുന്നു.

ന്യൂയോര്‍ക്കില്‍ ഇന്നലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്തപ്പോഴാണ് ഇന്ത്യയുടെ നിലപാട് ജയശങ്കര്‍ വ്യക്തമാക്കിയത്. ക്വാറന്റൈന് പുറമേ പി.സി.ആര്‍ ടെസ്റ്റും മറ്റു നിയന്ത്രണങ്ങളും ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് ബ്രിട്ടന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ബ്രിട്ടണില്‍ നിര്‍മ്മിക്കുന്ന ആസ്ട്രാസെനക എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് പറയുമ്ബോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അതേ വാക്സിന്‍ വിലക്കുന്നത് വിവേചനമാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.