ന്യൂജേഴ്‌സി : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിന്റെ മുന്നോടിയായി െ്രെടസ്‌റ്റേറ്റ് കേന്ദ്രീകരിച്ച് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ പുതിയ ചാപ്റ്റര്‍ രൂപീകരിക്കുന്നതിനുള്ള യോഗം ഏപ്രില്‍ 18 ന് ന്യൂജേഴ്‌സിയിലെ ഇസ്ലിനില്‍ നടന്നു. ജൂണില്‍ ചാപ്റ്ററിന്റെ ഭാരവാഹികളെ പ്രഖ്യാപ്പിക്കുകയും, ഔദ്യോഗികമായ ഉദ്ഘാടനം നടത്തുകയും ചെയ്യുമെന്ന് യോഗത്തില്‍ തീരുമാനമായി.

അമേരിക്കന്‍ മണ്ണില്‍ ചിതറിപോയ മാധ്യമ പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അവരുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുക എന്ന ഉദ്ധേശത്തോടെ 2014 നവംബറില്‍ രൂപം കൊണ്ട ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ലബ്ബ് ഒരു ദേശീയ മാധ്യമ സംഘടന എന്ന നിലയില്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആറു മാസ കാലയളവില്‍ കാനഡയിലും അമേരിക്കയിലുമായി വിവിധ സംസ്ഥാന തല ചാപ്റ്ററുകള്‍ രൂപീകരിക്കാന്‍ സാധിച്ചു.

Loading...

വ്യതസ്തമായ ആശയങ്ങളും പ്രവര്‍ത്തന ശൈലിയുമുള്ള ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബില്‍ മാധ്യമ രംഗത്തെ സമസ്ത മേഖലകളിലുമുള്ള പ്രവര്‍ത്തകര്‍ അംഗങ്ങളായുണ്ടെന്നത് ഈ പ്രസ്ഥാനത്തെ വേറിട്ടു നിര്‍ത്തുന്നു. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ ഹൃദയത്തിലേറ്റിയ ഈ സംഘടന ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചു പറ്റി. ദാരുണവും ദുരൂഹവുമായ സാഹചര്യത്തില്‍ വിദേശത്തു മരണമടഞ്ഞ യുവമാധ്യപ്രവര്‍ത്തകന്‍ സിബിന്‍ തോമസിന്റെ കുടുംബത്തിന് സഹായാര്‍ഥം ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് ഒരു ലക്ഷം രൂപ നല്‍കി. പ്രശസ്ത അമേരിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാരില്‍ ഹോക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ താല്‍പര്യമുള്ള എല്ലാ വ്യക്തികള്‍ക്കും മറക്കാനാകാത്ത ഒരു പഠന അനുഭവമായിരുന്നു. വളര്‍ന്ന് വരുന്ന മാധ്യപ്രവര്‍ത്തകര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിവരുന്ന ഫോട്ടോ ജേര്‍ണലിസം വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച വിദ്യാര്‍ത്ഥിയ കണ്ടെത്തി സമ്മാനത്തുക നല്‍കി വരികയാണ്.

ജനാധിപത്യത്തിലും സുതാര്യതയിലും ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് ജേര്‍ണലിസത്തിന്റെ എല്ലാ മേഖലകളിലും യുവതലമുറയെ പരിശീലിപ്പിക്കുന്നതിനുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. അതോടൊപ്പം മാധ്യമപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും മറ്റും ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ ഭാവി പരിപാടികളില്‍ ചിലതു മാത്രം.

ട്രൈസ്‌റ്റേറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക രൂപീകരണത്തിനു മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ, ജനറല്‍ സെക്രട്ടറി വിനീത നായര്‍, ട്രഷറര്‍ രാജശ്രീ പിന്റോ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ രാജു ചിറമണ്ണില്‍, ജോജി കവനാല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് കൊട്ടാരത്തില്‍, അനില്‍ മാത്യു, ജിനേഷ് തമ്പി, സുരേഷ് ഇല്ലിക്കന്‍, ജിനു മാത്യു, ബിനു ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.