ന്യൂജേഴ്സിയില്‍ മലയാളി യുവാവ് ഗുരുതരാവസ്ഥയില്‍

ന്യുജെഴ്‌സി: സൈക്കിള്‍ അപകടത്തെ തുടര്‍ന്ന് തലയ്ക്ക് ക്ഷതമേറ്റ് ന്യൂജേഴ്സിയില്‍ ആശുപത്രിയില്‍ കഴിയുന്ന മളയാളി യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. അരുണ്‍ ജോഷ്വാ വാഴക്കാലാ (28)യ്ക്കാണ് ഏപ്രില്‍ 3:45-നു പുലര്‍ച്ചെ ജേഴ്സിസിറ്റിയില്‍ വച്ച് അപകടം സംഭവിച്ചത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം സംഭവസ്ഥലത്ത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അരുണിനെയാണ് അവര്‍ കണ്ടെത്തിയത്. അടുത്തുതന്നെ അരുണ്‍ യാത്രചെയ്തിരുന്ന സൈക്കിളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ അപകടകാരണം വ്യക്തമല്ല.

അരുണ്‍ ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്നതിനായി സൈക്കിളില്‍ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ അശ്രദ്ധമായി സൈക്കിള്‍ സവാരി നടത്തിയതിനാലാണ് അപകടം സംഭവിച്ചതെന്നും പരുക്കുകള്‍ ഇത്ര മാരകമാകാന്‍ ഇടയായതുമെന്ന് പോലീസ് പറഞ്ഞു. അതോടൊപ്പം മറ്റു വാഹനങ്ങള്‍ ഈ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Loading...

അരുണ്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. ബറോഡ നിവാസികളായ ജോസിന്റെയും ആനിയുടെയും ഏക മകനാണ് അരുണ്‍. ഏക സഹോദരി ബറോഡയില്‍ ഡോക്ടറാണ്. വിവരമറിഞ്ഞു വാഷിംഗ്ടണ്‍ ഡി.സിയിലുള്ള ബന്ധു സ്ഥലത്തെത്തി. മലയാളികളും ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നു.അരുണിന്റെ കുടുംബം അമേരിക്കയിലെക്ക് വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നെന്ന് ഒരു കുടുംബവക്താവ് അറിയിച്ചു.