പൂജ ചന്ദ്രശേഖര്‍; പ്രവാസി ഇന്ത്യാക്കാരുടെ അഭിമാനം

വെര്‍ജീനിയ: അമേരിക്കയിലെ പ്രശസ്തമായ ഹാര്‍‌വാര്‍ഡ്, കൊളംബിയ, പ്രിന്‍‌സ്റ്റണ്‍ തുടങ്ങിയ 14 യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിച്ച അത്യപൂര്‍‌വ ബഹുമതിക്ക് ഇന്ത്യന്‍ വിദ്യാര്‍ഥിനി അര്‍ഹയായി. ബാംഗളൂറില്‍ നിന്ന് കുടിയേറിയ എന്‍ജിനീയര്‍ ദമ്പതിമാരുടെ ഏകമകള്‍ പൂജാ ചന്ദ്രശേഖര്‍ ആണ് പ്രവാസി ഇന്ത്യാക്കാരുടെ അഭിമാനപാത്രമായി മാറിയത്.

വെര്‍ജീനിയയിലെ ഉയര്‍ന്ന റാങ്കുള്ള തോമസ് ജെഫേഴ്സണ്‍ എന്ന മാഗ്‌നറ്റ് സ്കൂളില്‍ നിന്നാണ് പൂജ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എസ്.എ.ടി സ്കോറ് 2400-ല്‍ 2390 ഉണ്ടായിരുന്ന പൂജയ്ക്ക് 4.57 ആയിരുന്നു ജി.പി.എ. കൂടാതെ 13 അഡ്‌വാന്‍സ് പ്ലേസ്മെന്റ് പരീക്ഷകളും പൂജ പാസായി. ഹാര്‍‌വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, ബ്രൗണ്‍ യൂണിവേഴ്സിറ്റി ഇവയില്‍ ഏതെങ്കിലുമൊന്നില്‍ മെഡിക്കല്‍ പഠനം നടത്തുവാനാണ് പൂജയുടെ തീരുമാനം.

Loading...

ഒരാളില്‍ പാര്‍ക്കിന്‍സസ് രോഗം ഉണ്ടൊയെന്ന് 96 ശതമാനം വരെ കൃത്യതയോടെ നിര്‍ണയിക്കാന്‍ കഴിവുള്ള ഒരു മോബൈല്‍ ആപ്ലിക്കേഷന്‍ പൂജ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അമേരിക്കയില്‍ പ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിക്കുക ബുദ്ധിമുട്ടായതിനാലാണ് പൂജ 14 യൂണിവേഴ്സിറ്റികളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസരംഗത്ത് വന്‍ നേട്ടങ്ങള്‍ക്കുടമയായ പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പട്ടികയില്‍ തങ്ക ലിപികളില്‍ പൂജ ചന്ദ്രശേഖറിന്റെ പേരും ഇനി സ്ഥാനം പിടിക്കും.