ഇന്ത്യന്‍ വംശജ രാജരാജേശ്വരി ന്യൂയോര്‍ക്കില്‍ ക്രിമിനല്‍ കോര്‍ട്ട് ജഡ്ജ്

ന്യൂയോര്‍ക്ക്: തെക്കെ ഇന്ത്യയില്‍ നിന്നും പതിനാറാം വയസ്സില്‍ അമേരിക്കയിലേക്ക് മാതാപിതാക്കളോടൊപ്പം കുടിയേറിയ രാജരാജേശ്വരി (43)നെ ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡ് അസിസ്റ്റന്‍ഡ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തസ്ഥികയില്‍ നിന്നും ന്യൂയോര്‍ക്ക് ക്രിമിനല്‍ കോടതി ജഡ്ജിയായി നിയമിച്ചുകൊണ്ട് മേയര്‍ ബില്‍ ഡെബ്ലാസിയോ ഉത്തരവ് ഇറക്കി. ഏപ്രില്‍ 14-ന് ജഡ്ജിയായി ചുമതലയേല്‍ക്കും. ന്യൂയോര്‍ക്ക് ക്രിമിനല്‍ ബഞ്ചില്‍ നിയമനം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയാണ് രാജരാജേശ്വരി.

16 വര്‍ഷമായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന രാജരാജേശ്വരി പുതിയ സ്ഥാനക്കയറ്റം കിട്ടിയതില്‍ തികച്ചും ആഹ്ലാദഭരിതയാണ്. എന്നെപ്പോലെ ഇന്ത്യയില്‍ നിന്നുമെത്തിയ ഒരാള്‍ക്ക് ഇത്രയും ഉയര്‍ന്ന തസ്ഥിക നല്‍കിയതില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്ന് രാജരാജേശ്വരി പറഞ്ഞു. അമേരിക്കന്‍ സംസ്കാരം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചതും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചതുമാണ് തന്നെ ഈ സ്ഥാനത്തിന് അര്‍ഹയാക്കിയതെന്നും രാജരാജേശ്വരി പറഞ്ഞു. ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിനു പരമാവധി ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Loading...

രണ്ടുവയസ്സുമുതല്‍ നൃത്തം അഭ്യസിച്ചിട്ടുള്ള രാജരാജേശ്വരി ഭരതനാട്യത്തിലും, കുച്ചുപുഡിയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. പത്മാലയ ഡാന്‍സ് അക്കാദമി എന്നൊരു സ്ഥാപനത്തിന്റെ ഉടമകൂടിയാണ് രാജരാജേശ്വരി.

പി.പി ചെറിയാന്‍