സിദ്ധിഖ് ലാല്‍ സ്പീക്കിംഗ് മെഗാഷോ ഓസ്റ്റിനില്‍ മെയ് ഒന്നിന്, ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

ഓസ്റ്റിന്‍: ഓസ്റ്റിനില്‍ മെയ് ഒന്നാം തീയതി നടക്കുന്ന സിദ്ധിഖ് ലാല്‍ സ്പീക്കിംഗ് മെഗാഷോയുടെ ഉദ്ഘാടനം ഗാമ പ്രസിഡന്റ് സതീഷ് അയ്യര്‍, റവ.ഫാ. സാം മാത്യുവില്‍ നിന്നും ആദ്യ ടിക്കറ്റ് വാങ്ങി നിര്‍വഹിച്ചു. ഗാമ സെക്രട്ടറി ഡി. ജോയി, ഖജാന്‍ജി സതീഷ് കുമാര്‍, അനൂപ് നായര്‍, സന്തോഷ്, ഡോ. അനീഷ്, റോയി തുടങ്ങി ഓസ്റ്റിന്‍ മലയാളി സമൂഹത്തിലെ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രോഗ്രാം മെഗാ സ്‌പോണ്‍സര്‍മാരായ സിജോ വടക്കനും, ജിബി പാറയ്ക്കലും സംസാരിച്ചു. ഓസ്റ്റിന്‍ പെര്‍ഫോമിംഗ് ആര്‍ട്ട് ലവേഴ്‌സ് നടത്തുന്ന ഈ പ്രോഗ്രാമിന്റെ ഒരു വിഹിതം കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയ്ക്കുവേണ്ടി ഫാ. ഡേവിസ് ചിറമേലിന് നല്‍കുന്നതാണ്.

അമേരിക്കന്‍ മലയാളികളുടെ മനസില്‍ ഇന്നും മധുര സ്മരണകള്‍ ഉണര്‍ത്തുന്ന സ്റ്റേജ് 2000 എന്ന ഷോയുടെ ശില്‍പികളായ സിദ്ധിഖ്-ലാല്‍ പതിനഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം വീട്ടും തൊട്ടതെല്ലാം പൊന്നാക്കി മലയാളികളുടെ മനംകവരാന്‍ മെയ് ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മാനര്‍ ഹൈസ്‌കുള്‍ ഓഡിറ്റോറിയത്തില്‍ സിദ്ധിഖ് ലാല്‍ സ്പീക്കിംഗ് എന്ന മെഗാഷോയുമായി എത്തുന്നു.

Loading...

സ്റ്റേജ് ഷോകളുടെ രാജാക്കന്മാര്‍ സിദ്ധിഖ് ലാല്‍ 35-ല്‍പ്പരം കലാകാരന്മാരേയും കലാകാരികളേയും അണിനിരത്തിക്കൊണ്ടാണ് സിദ്ധിഖ് ലാല്‍ സ്പീക്കിംഗ് എന്ന മെഗാഷോയുമായി എത്തുന്നത്. മലയാള സിനിമയുടെ അഭിമാനം സിദ്ധിഖ്, മികച്ച നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങുന്ന ലാല്‍ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്‍, ബിജുമേനോന്‍, വിജയരാഘവന്‍, വിനീത്, ഹരിശ്രീ അശോകന്‍, ഭാവന, ഷംനാ കാസിം, പൊന്നമ്മ ബാബു, കൃഷ്ണപ്രിയ, ബാലു തുടങ്ങി മലയാള സിനിമയിലെ പ്രശസ്തരും, പ്രഗത്ഭരുമായ നിരവധി താരങ്ങള്‍ വേദിയില്‍ നിറഞ്ഞാടും.

പ്രശസ്ത മലയാള സിനിമാ പിന്നണിഗായകരായ അഫ്‌സല്‍, സയനോര എന്നിവരോടൊപ്പം സംഗീത സംവിധായകന്‍ ദീപക് ദേവും എത്തുന്നു. നൃത്ത സംവിധായിക രേഖയോടൊപ്പം നിരവധി നൃത്ത കലാകാരികള്‍ സ്റ്റേജിലെത്തും. മിമിക്രിയുടെ കുലപതി കെ.എസ്. പ്രസാദിനൊപ്പം മികച്ച മിമിക്രി കലാകാരന്മാരും ഓസ്റ്റിനില്‍ എത്തും. പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ നിതിന്റെ നേതൃത്വത്തില്‍ മലയാളികള്‍ക്ക് ഏറ്റവും നല്ല ശ്രവണ നയനമാധുര്യം ലഭിക്കുവാന്‍ ഡിജിറ്റല്‍ സ്റ്റേജ്- സൗണ്ട് ഉപയോഗിക്കുന്നു. സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കാന്‍ പോകുന്ന ഈ മെഗാഷോ ഓസ്റ്റിന്‍ മലയാളി സമൂഹത്തിന് ഒരു പുത്തന്‍ അനുഭവമായിരിക്കും.

അതിമനോഹരമായ ഈ പരിപാടി ആസ്വദിക്കാനും, കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുമുള്ള ഈ സംരംഭം വന്‍ വിജയമാക്കുവാന്‍ മലയാളി സമൂഹം ഒന്നിച്ചു പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 512 945 9340, വെബ്: www.performingartlovers.com ടിക്കറ്റിന് സിസില്‍ ഇന്ത്യന്‍ ഗ്രില്‍ 512 897 5296, എം.റ്റി.എം ഇന്ത്യന്‍ സ്റ്റോര്‍ 512 249 0075, purplepass.com എന്നിവരുമായി ബന്ധപ്പെടുക. സണ്ണി തോമസ് (ഓസ്റ്റിന്‍) അറിയിച്ചതാണിത്.