ഫീനിക്‌സില്‍ നോമ്പുകാല നവീകരണ ധ്യാനം

അരിസോണ: അമേരിക്കയില്‍ കഴിഞ്ഞ 14 വര്‍ഷമായി മരിയന്‍ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, പതിനായിരക്കണക്കിന് ദൈവജനത്തെ ദൈവകൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫീനിക്‌സ് ഹോളിഫാമിലി പള്ളിയില്‍ മാര്‍ച്ച് മാസം 27,28,29 തീയതികളില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

ഷിക്കാഗോ സീറോ മലബാര്‍ രൂപത കുടുംബ വര്‍ഷമായി ആചരിക്കുന്ന ഈ വേളയില്‍ കുടുംബ നവീകരണത്തെ ലക്ഷ്യംവെച്ച് നടത്തപ്പെടുന്ന ഈ നോമ്പുകാല ധ്യാനത്തിലൂടെ വിശ്വാസത്തില്‍ ഉറച്ച ക്രൈസ്തവ ജീവിതം പടുത്തുയര്‍ത്തുവാനും, കുടുംബ ജീവിതത്തെക്കുറിച്ചുള്ള ദൈവീക സത്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും, പരസ്പരം വിശുദ്ധീകരിക്കപ്പെടുന്ന സഹനത്തിന്റെ രക്ഷാകര രഹസ്യം മനസിലാക്കുന്നതിനും, തിരുസഭയോട് ചേര്‍ന്നു നിന്നുകൊണ്ട് ഗാര്‍ഹിക സഭയായ കുടുംബങ്ങള്‍ കൂദാശകളിലൂടെയുള്ള ദൈവീക സാന്നിധ്യം തിരിച്ചറിഞ്ഞ് കുടുംബജീവിതത്തിലെ സ്വര്‍ഗ്ഗീയ അനുഭവമാക്കി മാറ്റപ്പെടുവാനും ഉതകുന്ന ഈ നവീകരണ ധ്യാനം റവ.ഫാ. സന്തോഷ് ജോര്‍ജ്, ബ്ര. പി.ഡി. ഡൊമിനിക് (ചെയര്‍മാന്‍ മരിയന്‍ ടിവി), ബ്ര. മാത്യു ജോസഫ്, ബ്ര. മാത്യു പി.ഡി എന്നിവര്‍ നേതൃത്വം നല്കുന്നതാണ്.

Loading...

മൂന്നുദിവസമായി നടത്തപ്പെടുന്ന ഈ നവീകരണ ധ്യാനം മാര്‍ച്ച് 27-ന് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9.30 വരേയും, 28-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരേയും, 29-ന് ഓശാന ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയുമാണ് ധ്യാനം. യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക ധ്യാനവും ഈസമയങ്ങളില്‍ തന്നെ ക്രമീകരിച്ചിട്ടുണ്ട്.

കര്‍ത്താവിന്റെ പീഡാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്ന ഈ പുണ്യപ്പെട്ട വലിയ നോമ്പിന്റെ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്ന ഈ അവസരത്തില്‍ ദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മപരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേക്ക് കടന്നുവരുവാനും സഭാഭേദമെന്യേ ഏവരേയും ഇടവക വികാരി റവ.ഫാ. മാത്യു മുഞ്ഞനാട്ട് ഈശോയുടെ നാമത്തില്‍ ക്ഷണിക്കുന്നു. ധ്യാന ദിവസങ്ങളില്‍ പ്രത്യേകമായി രോഗശാന്തി പ്രാര്‍ത്ഥനയും, ആന്തരീക സൗഖ്യപ്രാര്‍ത്ഥനയും, പരിശുദ്ധാത്മാഭിഷേക പ്രാര്‍ത്ഥനയും, കുടുംബ നവീകരണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു മുഞ്ഞനാട്ട് (വികാരി) 602 410 8843, അശോക് പാട്രിക് (ട്രസ്റ്റി) 602 349 8465, റ്റോമി സിറിയക് (ട്രസ്റ്റി) 602 810 7846. വെബ്: www.mariantvworld.org