മിസ്സിസ്സാഗാ ഉപതെരഞ്ഞെടുപ്പിൽ തോമസ്‌ തോമസ്‌  കൌണ്‍സിലർ സ്ഥാനാർഥി 

മിസ്സിസ്സാഗാ: വാർഡ്‌ 4 – ൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മലയാളിയായ തോമസ്‌ തോമസ്‌ കൌണ്‍സിലർ സ്ഥാനാർഥിയായി ജനവിധി തേടുന്നു. തോമസിനെകൂടാതെ 25 പേരാണ് കൌണ്‍സിലർ സ്ഥാനം ലക്ഷ്യമിട്ട് അങ്കത്തട്ടിലുള്ളത്. ഏപ്രിൽ 27 -നാണ് തെരഞ്ഞെടുപ്പ് . അന്നേദിവസം അസൌകര്യമുള്ളവർക്ക് ഏപ്രിൽ 13, 18, 19 തീയതികളിൽ മുൻകൂറായി വോട്ടവകാശം വിനിയോഗിക്കാവുന്നതാണ് .

16 വർഷമായി വാർഡ്‌ 4 -നെ പ്രതിനിധീകരിക്കുന്ന ഫ്രാങ്ക് ഡൈൽ പീൽ റീജിയണ്‍ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കൌണ്‍സിലർ സ്ഥാനം രാജി വെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വാർഡ്‌ 4 -ന്റെ സ്ഥിരം കൌണ്‍സിലറായ ഡയിലിന്റെ ഈ മാറ്റം 36 വർഷം അതേ വാർഡിലെ സ്ഥിരതാമസക്കാരനായ തോമസിന് സ്വന്തം തട്ടകത്തിൽ മത്സരിക്കാൻ വീണുകിട്ടിയ അവസരമായാണ്‌ നിരീക്ഷകർ കാണുന്നത് . മിസ്സിസ്സാഗായിലെ എം.പി .പി മാരായ ഹരീന്ദർ ടാക്കർ പ്രത്യക്ഷമായും , ദീപിക ദമെർല പരോക്ഷമായും പിന്തുണക്കുന്ന തോമസിന്റെ വിജയ സാധ്യത വളരെ കൂടുതലാണ്.

Loading...

ഡാഫറിൻ -പീൽ കാത്തലിക്‌ സ്കൂൾ ബോർഡ് ട്രസ്ടിയാണ് തോമസ്‌ ഇപ്പോൾ. വാർഡ്‌ 5-ൽ നിന്ന് ഹാട്രിക്കോടെ സ്കൂൾ ബോർഡ് ട്രെസ്റിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ്‌ കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടാൽ ആ സ്ഥാനം രാജിവെക്കെണ്ടി വരും. സ്കൂൾ ബോർഡിന്റെ ഭരണഘടനയനുസരിച്ച് ഒരു ട്രസ്ടിക്കു ആ സ്ഥാനം രാജി വെക്കുകയോ അവധിയെടുക്കുകയോ ചെയ്യാതെ തന്നെ കൌണ്‍സിലർ സ്ഥാനാർഥിയായി മത്സരിക്കാവുന്നതാണ് എന്ന നിയമോപദേശം ലഭിച്ചതിനെത്തുടർന്നാണ് തോമസ്‌ അങ്കത്തിന് ഗോദായിലിറങ്ങിയത്‌ .

വെള്ളക്കാരെ എന്നും അനുകൂലിക്കുന്ന പല മുഖ്യധാരാ മാധ്യമങ്ങളും തോമസിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും തോമസിന്റെ വിജയ സാധ്യതക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. ചില മാധ്യമങ്ങൾ വിജയ സാധ്യതയുള്ള നാല് സ്ഥാനാർഥികളെ ഡിബേറ്റിന് തെരഞ്ഞെടുത്തപ്പോൾ തോമസിനെ ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിന് മറുപടിയെന്നോണം മറ്റൊരു പ്രാദേശിക ചാനലായ റോജേർസ് ടി.വി നടത്തിയ ഡിബേറ്റിൽ തോമസ്‌ നടത്തിയ പ്രകടനം വലിയ ജനശ്രദ്ധയാണ് പിടിച്ചു പറ്റിയത്.

സ്കൂൾ ബോർഡ് ട്രസ്റി, ഒന്റാരിഒ സ്കൂൾ ബോർഡ് ട്രസ്ടീസ് അസ്സോസ്സിയേഷൻ ഡയറക്ടർ, പനോരമ ഇന്ത്യ ഡയറക്ടർ, കനേഡിയൻ മലയാളി അസ്സോസ്സിയേഷൻ രക്ഷാധികാരി, ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ്‌ , കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെലോഷിപ്പ് മുൻ സെക്രട്ടറി , ഫൊക്കാനയുടെ ആദ്യ കാല പ്രസിഡണ്ട്‌ തുടങ്ങിയ ഒട്ടനവധി നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള തോമസ്‌, മിസ്സിസ്സാഗാ ലൈബ്രറി ബോർഡ് , മാൾട്ടൻ കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പ്, മിസ്സിസ്സാഗാ ട്രാഫിക് സേഫ്റ്റി കൌണ്‍സിൽ തുടങ്ങിയ ഒരു ഡസനിലേറെ കമ്മറ്റികളിൽ സജീവ അംഗമാണ്.

ഇലക്ഷൻ പ്രവർത്തങ്ങൾക്ക് വളരെയധികം വോളണ്ടിയർമാരെ ആവശ്യമുള്ള ഈ സമയത്ത് കാനഡയിലുള്ള മുഴുവൻ മലയാളി സമൂഹത്തിന്റെയും സഹായവും പിന്തുണയും തോമസ്‌ ആവശ്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗീക വെബ് സൈറ്റായ www .electthomasthomas .com സന്ദർശിക്കുക . അല്ലെങ്കിൽ 416.845.8225 എന്ന നംബറിൽ ബന്ധപ്പെടുക .