വിചാരവേദിയില്‍ സാഹിത്യ ചര്‍ച്ച

ജോയിച്ചന്‍ പുതുക്കുളം

2015 ഏപ്രില്‍ 12 ന് കേരള കള്‍ച്ചറല്‍ സെന്ററില്‍ വിചാരവേദിയുടെ സാഹിത്യ ചര്‍ച്ചായോഗം വര്‍ഗ്ഗീസ് ചുങ്കത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ചര്‍ച്ചാവിഷയമായ വാസുദേവ് പുളിക്കലിന്റെ മാറുന്ന സമൂഹവും സാഹിത്യവും, സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാര്‍ എന്നീ ലേഖനങ്ങള്‍ സാംസി കൊടുമണ്‍ അവതരിപ്പിച്ചു. സമകാലിക പ്രാധാന്യമുള്ള ഈ രണ്ടു ലേഖനങ്ങളും വിപുലമായ ചര്‍ച്ച അര്‍ഹിക്കുന്നു എന്നു അവതാരകന്‍ അഭിപ്രായപ്പെട്ടു. വാസുദേവ് പുളിക്കല്‍ ചൂണ്ടിക്കാട്ടിയപോലെ ധാര്‍മ്മിക മൂല്യച്യൂതിക്കൊപ്പം, മൗലീകതയും നഷ്ടമായിക്കൊണ്ടിരിയ്ക്കുന്ന ഈ കാലയളവില്‍ എഴുത്തുകാരന്‍ സ്വധര്‍മ്മം തിരിച്ചറിഞ്ഞ്, സമൂഹത്തിന്റെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കാന്‍ ബാദ്ധ്യസ്ഥനാണ്.

Loading...

അവാര്‍ഡുകളും അംഗീകാരങ്ങളും അല്ല നമ്മുടെ പ്രശ്‌നം. മനുഷ്യ സ്വാതന്ത്യത്തിനു കൂച്ചുവിലങ്ങിടാന്‍ മതങ്ങളും രാഷ്ട്രിയക്കാരും കൈകോര്‍ത്തു പിടിയ്ക്കുമ്പോള്‍, എഴുത്തുകാരന്‍ ആയിരങ്ങളുടെ നാക്കും വാക്കുമായി മുന്നിട്ടിറങ്ങേണ്ടിയിരിയ്ക്കുന്നു. എവിടെയും വാക്കില്‍ നിന്നും ആണ് മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. ആ വാക്ക് എഴുത്തുകാരന്റേതായിരിയ്ക്കണം. മാക്‌സിം ഗോര്‍ക്കിയുടെ അമ്മ റഷ്യന്‍ വിപ്ലവത്തിനു നള്‍കിയ ഊര്‍ജ്ജ്ം, പാട്ടബാക്കിയും, നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി എന്നീ കൃതികള്‍ കേരളത്തിലെ സാമൂഹ്യമാറ്റത്തിന് എത്രമാത്രം പ്രചോദനം ആയി എന്നി കാര്യങ്ങള്‍ സാംസി കൊടുമണ്‍ ചൂണ്ടിക്കാട്ടി. എഴുത്തുകാരന്‍ സാമൂഹ്യ പ്രതിബദ്ധതുള്ളവനായിരിക്കണമെന്ന ലേഖകന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട്, എഴുത്തുകാര്‍ ചുറ്റും നടക്കുന്ന അനീതിക്കെതിരെ തൂലിക ചലിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു.

എല്ലാവര്‍ക്കും എഴുത്തുകാരാകാന്‍ കഴിയില്ല. അതൊരു സിദ്ധിയാണ്. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടകുന്നില്ല എന്ന പോലെ. എഴുത്തുകാരന്റെ അറിവും വീക്ഷണവും സുന്ദരമായ ഭാഷയില്‍ സഭ്യമായി അവതരിപ്പിക്കുമ്പോള്‍ മാത്രമേ അത് ഹൃദയത്തില്‍ പതിയുകയൂള്ളു എന്ന്, ജി. ശങ്കരക്കുറുപ്പിന്റെ നാലുവരികല്‍ ഓര്‍മ്മയില്‍ നിന്നും ചൊല്ലിക്കൊണ്ട് വര്‍ഗ്ഗിസ് ചുങ്കത്തില്‍ സമര്‍ത്ഥിച്ചു. അതുപോലെ ദൃശ്യമാദ്ധ്യമങ്ങളില്‍ വരുന്നതെല്ലാം എങ്ങനെ സ്വീകരിക്കണം എന്ന് കാഴ്ച്ചക്കാരന്‍ തീരുമാനിക്കണം. അതിനുള്ള വിവേചനം നേടിയെടുക്കാന്‍ വായന സഹായിക്കും. ആര്‍ക്കും എന്തും എഴുതാം എന്ന ഈ കാലത്ത് എഴുത്തിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്ന സര്‍ഗ്ഗശേഷിയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാര്‍ എന്തെഴുതണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ലന്നും, എന്നാല്‍ ഇന്നത്തെ എഴുത്ത് ദിശാബോധമില്ലാത്തതാണന്നും, കാരുരിന്റേയും തകഴിയുടേയും മറ്റും കഥകള്‍ ഉദാഹരിച്ച് സെബാസ്റ്റ്യന്‍ പാലാത്തറ അഭിപ്രായപ്പെട്ടു. കണ്ണുള്ളത് തുറക്കുവാന്‍ മത്രമല്ല അടയ്ക്കാനും കൂടിയുള്ളതാണന്ന് സി.ജെ തോമസ് ദാവിദ് എന്ന നാടകത്തില്‍ പറഞ്ഞിട്ടുള്ളത് പി. റ്റി. പൗലോസ് ചൂണ്ടിക്കാട്ടി. സാഹിത്യകാരന്‍ ഇന്ന് മറ്റാരുടെയൊക്കയോ തടവറയിലാണന്ന്, സി.ജെ. വിമോചനസമരകാലത്ത് എടുത്ത നിലപാടുകളെ ഉറ്റ സുഹൃത്തുക്കള്‍പ്പോലും പിന്‍ന്തുണക്കതിരുന്നതിനെ അനുസ്മരിച്ച് ചൂട്ടിക്കാട്ടി. കമ്മ്യുണിസം എഴുത്തുകാരന്റെ മൗലീക സാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യും എന്ന ആശങ്കയായിരുന്നു സി.ജെ. തൊമസിനെ വിമോചന സമര അനുകൂലിയക്കിയത്. അതുപോലെ ഇന്ന് കാവി പരിവാരങ്ങള്‍ സാഹിത്യകാരന്‍ എന്തെഴുതണമെന്നു തീരുമാനിക്കുമ്പോള്‍ മഹാശ്രേയ ദേവിയെപ്പോലെയുള്ള എഴുത്തുകാര്‍ അതിനെ പ്രതിരോധിച്ചുകൊണ്ടിരിയ്ക്കുന്നതിനെ പൗലോസ് ചൂണ്ടിക്കാട്ടി.

vicharavedi_pic2

കണ്‍ഫ്യൂഷസ്, സൊക്രട്ടീസ് മുതല്‍പ്പേര്‍ ആരായിരിക്കണം ട്രു സിറ്റിസ്ണ്‍ എന്നു നിര്‍വചിച്ചിട്ടുണ്ട്. ഈ കെട്ടകാലത്തെ ഉദ്ധരിയ്ക്കാനുള്ള ധര്‍മ്മം എഴുത്തുകാരന്‍ മറക്കാതിരിയ്ക്കുക എന്ന് രാജു തോമസ് ആത്മരോഷത്തിന്റെ പ്രതികരണമില്ലാത്ത എഴുത്തുകാരന്റെ ആത്മാര്‍ത്ഥതയില്ലാ വരികള്‍ എന്തു ഗുണം ചെയ്യുമെന്ന് രാജു തോമസ് ആശങ്ക പ്രകടിപ്പിച്ചു. എഴുതു, വായിയ്ക്കു, വളരു എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

യൂസഫലി കേച്ചേരിയുടെ ദേഹ വിയോഗത്തില്‍ വിചാരവേദി അനുശോചനം രേഖപ്പെടുത്തി.