സോമര്‍സെറ്റ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം

ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുഖവെള്ളി സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.

ഏപ്രില്‍ മൂന്നിനു വൈകുന്നേരം മൂന്നുമണിക്ക് ആരംഭിച്ച ചടങ്ങുകള്‍ രാത്രി പത്തുമണി വരെ നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയിലും, ദുഖവെള്ളിയാഴ്ചയിലെ പീഡാനുഭവ ശുശ്രൂഷയിലും ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സജീവമായി പങ്കെടുത്തു. ‘കുരിശിന്റെ വഴി’യിലൂടെ മുതിര്‍ന്നവരും പ്രത്യേകിച്ച് സി.സി.ഡി കുട്ടികളും നല്‍കിയ ധ്യാനചിന്തകള്‍ ഏറെ ഹൃദ്യമായി. ദേവാലയത്തിലെ യുവജനങ്ങള്‍ അവതരിപ്പിച്ച തത്സമയ ദൃശ്യാവിഷ്‌കാരത്തോടെയുള്ള കുരിശിന്റെ വഴി ഏറെ ഹൃദയസ്പര്‍ശിയായി മാറി.

Loading...

അതിനു ശേഷം ഫാ. അലക്‌സ് വാചാപറമ്പില്‍, വികാരി തോമസ് കടുകപ്പിള്ളി എന്നിവരുടെ കാര്‍മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന , വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്പ്നീര്‍ കുടിക്കല്‍ എന്നിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു. പ്രമുഖ വചന പ്രഘോഷകനും കപ്പൂച്യന്‍ സഭാംഗവുമായ ഫാ. അലക്‌സ് വാചാപറമ്പില്‍ പീഡാനുഭവ ശുശ്രൂഷകളോടനുബന്ധിച്ച് നടത്തിയ വചനശുശ്രൂഷ ദുഖവെള്ളിയാഴ്ചയുടെ അന്തസത്ത ഉള്‍ക്കൊള്ളുന്നതും ഏറെ ഹൃദയസ്പര്‍ശവുമായിരുന്നു.

‘റോമ 5-8-ല്‍ എന്നാല്‍ നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്‌നേഹം ദൈവം പ്രകടമാക്കിയിരുന്നു’. എന്ന മഹത്തായ ദൈവസ്‌നേഹ വചനമാണ് ദുഖവെള്ളിയാഴ്ചയുടെ കാതല്‍ എന്ന് ഓര്‍മ്മിപ്പിച്ചു. ദേവാലയത്തിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ വിശുദ്ധകര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

പീഡാനുഭവ ശുശ്രൂഷാ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ സഹകരിച്ച ദേവാലയത്തിലെ ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സി.സി.ഡി അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ക്കും മറ്റെല്ലാവര്‍ക്കും വികാരി തോമസ് കടുകപ്പിള്ളി നന്ദി അറിയിച്ചു. വെബ്: www.stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.