ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മെല്‍ബണ്‍: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്ഡി എന്ന 32കാരിയുടെ മൃതദേഹമാണ് കാറിനുള്ളില്‍നിന്ന് കണ്ടെത്തിയത്. സ്യൂട്‌കെയ്‌സിനുള്ളിലാക്കി കാറിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  സിഡ്‌നിയുടെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ പ്രീതി റെഡ്ഡിയെ കാണാനില്ലായിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടത്. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്ഡി ഇവിടെയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Loading...

റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ ചൊവ്വാഴ്ച ഇവരുടെ കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്‌കെയ്‌സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു പ്രീതിയുടെ മൃതദേഹം.

അതിനിടെ, പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു